പത്തനംതിട്ട : ജില്ലയില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നാളെ (25) തുടക്കമാകും. വൈറസ് പ്രതിരോധ സംവിധാനങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. മുഖാവരണം, കൈകഴുകുന്നതിനുള്ള സംവിധാനം എന്നിവ അതതു പഞ്ചായത്തുകള്‍ ജോലിസ്ഥലങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇരുപത് പേരെ വരെ ഒരു മസ്റ്റര്‍റോള്‍ പ്രകാരം ജോലിക്കായി നിയോഗിക്കുമെങ്കിലും അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ജോലിയില്‍ മുഴുകുക. സാമൂഹിക അകലം ഉറപ്പാക്കും. ആരോഗ്യ വകുപ്പിലെയും തദ്ദേശഭരണ വകുപ്പിലെയും ഫീല്‍ഡുതല ജീവനക്കാര്‍ എല്ലാ പ്രവൃത്തിസ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തും.
60 വയസിനുമേല്‍ പ്രായമുള്ള തൊഴിലാളികളെ തല്‍ക്കാലം ജോലിക്ക് നിയോഗിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ രോഗപ്രതിരോധശേഷി താരതമ്യേന കുറവായതിനാല്‍ രോഗവ്യാപനം തടയാനാണ് ഈ താല്‍ക്കാലിക വിലക്ക്. തൊഴിലാളികള്‍ക്കെല്ലാം ഒരു ജോടി കഴുകി ഉപയോഗിക്കാവുന്ന മുഖാവരണങ്ങള്‍ വാങ്ങി നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കുടുംബശ്രീ അപ്പാരല്‍ പാര്‍ക്കുകള്‍ മുഖേന ആവശ്യമായ മാസ്‌ക്കുകള്‍ വാങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ തല്‍ക്കാലം തൊഴില്‍ദാനം ഉണ്ടാകില്ല. പൊതു കുളങ്ങളുടെയും തോടുകളുടെയും പുനരുദ്ധാരണം, ചെക്ക് ഡാമുകളുടെ നിര്‍മാണം, ഫാം പോണ്ടുകള്‍, മഴക്കുഴി, മണ്‍കയ്യാലകള്‍, ജലസേചന കിണറുകള്‍ എന്നിവയുടെ നിര്‍മാണം, കാര്‍ഷിക നഴ്‌സറി പരിപാലന പ്രവര്‍ത്തനങ്ങള്‍, നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ എന്നിങ്ങനെയാണ് മുന്‍ഗണന നല്‍കി ആരംഭിക്കുന്ന പ്രവൃത്തികള്‍. വ്യക്തിഗത കുടുംബ ആസ്തികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളായ പശുത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റുകള്‍, സോക്ക് പിറ്റുകള്‍, കിണര്‍റീചാര്‍ജ് സംവിധാനം എന്നിവയും ഏറ്റെടുത്ത് നടപ്പാക്കും.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 33,56,889 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള ലേബര്‍ ബജറ്റിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇത് 31,47,872 ആയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 68,912 സക്രിയകുടുംബങ്ങള്‍ ഉള്ള ജില്ലയില്‍ ശരാശരി 69 തൊഴില്‍ദിനം നല്‍കാനും കുറഞ്ഞത് 26,897കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ നല്‍കാനും ഈ വര്‍ഷം ലക്ഷ്യമിടുന്നുണ്ട്. അംഗീകരിച്ച ലേബര്‍ ബജറ്റ് പ്രകാരം 57,625 കുടുംബങ്ങള്‍ക്ക് ജില്ലയില്‍ തൊഴില്‍ നല്‍കാന്‍ കഴിയും. സംസ്ഥാനത്തെ അവിദഗ്ധ വേതനം 291 രൂപയായി കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 97.69 കോടി രൂപ ഈ വര്‍ഷം വേതന ഘടകമായി ചെലവാക്കാന്‍ കഴിയും.