പത്തനംതിട്ട : നഗരത്തിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് പുതുതായി സ്ഥാപിച്ച മൂന്ന് ട്രാൻസ്ഫോമറുകളുടെ സ്വിച്ച് ഓൺ കർമ്മം മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നിർവ്വഹിച്ചു. പുതുതായി നിർമ്മിക്കുന്ന ടൗൺ സ്ക്വയർ, പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നഗരസഭ നൽകിയ സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ -കല -കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ ആർ സാബു, അഡ്വ.എ സുരേഷ് കുമാർ, ശോഭ കെ മാത്യു, ഷൈലജ എസ്, എം സി ഷെരീഫ്, ആനി സജി, നീനു മോഹൻ, കെഎസ്ഇബിഎൽ പത്തനംതിട്ട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓമനക്കുട്ടൻ, സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി ജി എൻ, ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ അൻഷാദ് മുഹമ്മദ്.എം, മുൻസിപ്പൽ എൻജിനീയർ സുധീർരാജ് ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ഉതകും വിധം വൈദ്യുതി വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും ഈ വരുന്ന വേനൽക്കാലത്ത് വൈദ്യുതിയുടെ അധിക ഉപയോഗം കണക്കാക്കിയും വൈദ്യുത തടസ്സങ്ങൾ കുറച്ച് ഇടതടവില്ലാതെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വൈദ്യുതി നൽകാൻ ഉതകുംവിധമുള്ള പദ്ധതികൾ വൈദ്യുതി ബോർഡ് ആവിഷ്കരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറുകൾ ചാർജ് ചെയ്യുന്നതിലൂടെ തൊട്ടടുത്ത ട്രാൻസ്ഫോർമറുകളുടെ ലോഡ് ക്രമീകരിച്ച് നഗരത്തിലെ ലോഡ് കൂടുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി തകരാറിന് പരിഹാരമാകുന്നതാണ്. നഗരത്തിലെ മറ്റ് മേഖലകളിലും വൈദ്യുതി ഉപയോഗം നോക്കി വൈദ്യുതി ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ടൗൺ സ്ക്വയറിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ്കളിലും സ്ഥാപിച്ച് ട്രാൻസ്ഫോർമറുകൾ അബാൻ ഫ്ലൈഓവറിന്റെ നിർമ്മാണ പ്രവർത്തിയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ കേബിൾ റിംഗ് മെയിൻ യൂണിറ്റ് വഴിയാണ് ചാർജ് ചെയ്തിട്ടുള്ളത്.
പത്തനംതിട്ട മുനിസിപ്പാലിറ്റി, കെ എസ് ഇ ബി എന്നിവർ സംയുക്ത പരിശോധന നടത്തി പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ യാർഡ് നവീകരിക്കുന്ന ഭാഗത്തും ശബരിമല തീർത്ഥാടന വേളയിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ ഉതകുംവിധം ഒരു ട്രാൻസ്ഫോർമർ കൂടി സ്ഥാപിക്കുവാൻ വേണ്ടിയുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുള്ളതും അടിയന്തിരമായി നിർമ്മാണം പൂർത്തീകരിച്ച് ഭൂഗർഭ കേബിൾ വഴി ചാർജ് ചെയ്യുവാനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കുമ്പഴ ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നത് ഒഴിവാക്കുവാനും വൈദ്യുതിയുടെ അധികരിച്ചു വരുന്ന ആവശ്യകത നിറവേറ്റുവാനും കുമ്പഴ ടൗണിനു മാത്രമായി പത്തനംതിട്ട സബ് സ്റ്റേഷനിൽ നിന്നും ഒരു പുതിയ 11kV ഫീഡർ എബിസി കേബിൾ ഉപയോഗിച്ച് നിർമിച്ച് ടൗൺ പ്രദേശത്ത് മാത്രമായി ഫീഡ് ചെയ്യാനുള്ള പ്രവൃത്തി അനുമതിയായിട്ടുള്ളതും നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി തുടങ്ങുന്നതുമാണെന്ന് കെഎസ്ഇബിഎൽ അറിയിച്ചു.