തൃശ്ശൂര്‍: കോര്‍പറേഷന്‍ മേയറുമായി ബന്ധപ്പെട്ട ഇടതുമുന്നണി തര്‍ക്കത്തില്‍ എടുത്തുചാടി തീരുമാനം ഉണ്ടാകില്ലെന്ന് സൂചന. മുന്നണി ജില്ലാനേതൃത്വത്തിലുണ്ടായ ധാരണയനുസരിച്ച് ജൂലായ് 20-ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരാനാണ് പുതിയ തീരുമാനം. മേയര്‍ എം.കെ. വര്‍ഗീസുമായി ഒരു വിധത്തിലുള്ള സഹകരണവും സാധ്യമല്ലെന്ന് പരസ്യമായി പറഞ്ഞിരുന്ന സി.പി.ഐ.യും ഇത്തരത്തിലേക്ക് താത്കാലികമായി മനം മാറ്റിയതായാണ് അറിയുന്നത്. മേയറുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ഉടനടി എടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലാണ് സി.പി.എം. സംസ്ഥാനനേതൃത്വത്തിന്. ചാടിക്കയറി നടപടിയെടുക്കുന്നത് മുന്നണിയുടെ ഭാവിസാധ്യതകളെ ബാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.
മേയറെ മാറ്റണമെന്ന് നിര്‍ബന്ധമുള്ളവര്‍ അതിനുള്ള നീക്കം നടത്തട്ടെയെന്ന നിലപാടാണ് പൊതുവേ സ്വീകരിച്ചിരിക്കുന്നത്. തര്‍ക്കം നീണ്ടുപോകുന്നത് മുന്നണിയുടെ ഭാവിയെ ബാധിക്കുമെന്നുള്ള തിരിച്ചറിവിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ തിങ്കളാഴ്ച ഉച്ചയോടെ വീണ്ടും സജീവമായി. കോര്‍പറേഷന്‍ കൗണ്‍സില്‍ ചേരാതെ ഭരണം സ്തംഭനത്തിലേക്കു നീങ്ങുന്ന സ്ഥിതി മുന്നണിക്ക് ഭൂഷണമല്ലെന്നും ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെട്ടു. കൗണ്‍സില്‍ കൂടാത്തതിനെതിരേയുള്ള പ്രതിപക്ഷപ്രചാരണം വലിയ തിരിച്ചടിയാകുമെന്നും മുന്നണിനേതൃത്വം വിലയിരുത്തി.