തൃശൂര്‍: തൃശൂര്‍ ചേര്‍പ്പ് സദാചാര കൊലക്കേസില്‍ കൊലയാളികളില്‍ ഒരാള്‍ കൂടി പിടിയില്‍. കോട്ടം സ്വദേശി ഡിനോണ്‍ ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മൂന്നുപേരെ അറസ്റ്റ് ചെയ്തത് ഉത്തരാഖണ്ഡില്‍ നിന്നാണ്. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ്് ഉത്തരാഖണ്ഡില്‍ നിന്ന് പിടിയിലായത്. അതേസമയം ഒന്നാംപ്രതി രാഹുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികള്‍ കൂടിയാണ് പിടിയിലാകാനുള്ളത്. വിഷ്ണു, വിജിത്, ചിഞ്ചു, രാഹുല്‍, അഭിലാഷ് എന്നിവരാണിവര്‍.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ പോലീസിന് വ്യക്തമായിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.