തൃശൂര്‍ : പൂര വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. പകല്‍ പതിനൊന്നരയോടെ നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് തെക്കേഗോപുരനട തുറക്കുക. ശിവകുമാര്‍ തുമ്പിക്കൈ ഉയര്‍ത്തുന്നതോടെ പൂരാരവമുയരും. രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ് തുടങ്ങും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ പൂരപ്പറമ്പ് വഴി മണികണ്ഠനാലില്‍ എത്തിച്ചേരും. തുടര്‍ന്ന് കക്കാട് രാജപ്പന്‍ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നീങ്ങും. പടിഞ്ഞാറേ ഗോപുരം കടന്ന് വടക്കുന്നാഥന്‍ ക്ഷേത്രം വലംവച്ചശേഷം തെക്കേ ഗോപുര വാതില്‍ തുറക്കും.
ചൊവ്വാഴ്ചയാണ് പൂരപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂര്‍ പൂരം. ഇന്ന് വൈകിട്ട് വൈദ്യപരിശോധനയ്ക്ക് ആനകള്‍ നിരക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമാവും. ചൊവ്വാഴ്ച രാവിലെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ് ആരംഭിക്കും. തുടര്‍ന്ന് 11.30ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പകല്‍ മൂന്നിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തും. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിയോടെ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വര്‍ണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധന്‍ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക.