തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു. പൂരം കലക്കൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണത്തലവൻ ഡി.ഐ.ജി തോംസൺ ജോസാണ് ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഇതിൽ രണ്ട് അന്വേഷണം പൂർത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് തുടരുന്നത്.
പൂരം അലങ്കോലപ്പെട്ടപ്പോൾ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. പൂരം അലങ്കോലപ്പെടുന്ന സമയത്ത് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി. സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി പൂരനഗരിയിലെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് സുരേഷ് ഗോപി ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. ഈ മാസം തന്നെ അന്വേഷണം പൂർത്തിയാക്കി ക്രൈബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് കൈമാറും.