തൃശ്ശൂര്‍: കഴിഞ്ഞ വര്‍ഷം പൂരം അലങ്കോലപ്പെട്ടതും കോടതിവിധികളും പരിഗണിച്ച് ഇത്തവണ പൂരം മുന്നൊരുക്കവും നടപടികളും ശക്തം. നടത്തിപ്പിന്റെ പൂര്‍ണചുമതല ഇത്തവണ ജില്ലാ ഭരണകൂടത്തിനാണ്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി സുരക്ഷയും പൊതുജനങ്ങളുടെ സൗകര്യവുമൊരുക്കും. കേന്ദ്ര ഏജന്‍സികളുടെ സഹായവും സഹകരണവും ഉണ്ടാകുമെന്നാണു സൂചന. മേയ് ആറിനാണു പൂരം. കുടമാറ്റം കാണാന്‍ ഒരുക്കുന്ന വിഐപി ഗാലറികളില്‍ വിദേശികളെ മാത്രമാണ് പ്രവേശിപ്പിക്കുക. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഇവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് പൂരം അവലോകനയോഗം തീരുമാനിച്ചു. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.
എങ്കിലും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിഐപികള്‍ക്ക് കുടമാറ്റം-വെടിക്കെട്ട് സമയത്ത് നാമമാത്രമായ പരിഗണന ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുടമാറ്റവും വെടിക്കെട്ടും ആസ്വദിക്കാന്‍ കഴിയുന്ന സൗകര്യമുള്ള സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളില്‍ ഇവര്‍ക്ക് പരിമിതസൗകര്യം ഒരുക്കിയേക്കും. ഇതിനായി ജില്ലാഭരണകൂടം സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളുടെ ഉടമകളുമായി സംസാരിച്ച് ധാരണയിലെത്തും. വിഐപികള്‍ക്കായി പ്രത്യേക പവിലിയന്‍ ഒരുക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് താത്പര്യമുണ്ട്. എന്നാല്‍ ഇതിന് പോലീസിന്റെ അനുമതി വേണം. പവിലിയന്‍ വേണോ എന്ന കാര്യവും എവിടെ നിര്‍മിക്കണമെന്ന കാര്യവും പോലീസാണ് തീരുമാനിക്കുക.
അനുമതി തേടി കത്ത് നല്‍കാന്‍ ദേവസ്വം തീരുമാനിച്ചു. വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് പതിനെണ്ണായിരം പേരെ പ്രവേശിപ്പിക്കാനും തീരുമാനമുണ്ട്. വെടിക്കെട്ട് ഒരുക്കുന്ന സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ ജില്ലാഭരണകൂടം പാസ് അനുവദിക്കുക. പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ നല്‍കുന്ന പട്ടിക അനുസരിച്ചാണ് ഇതനുവദിക്കുക. വെടിക്കെട്ടില്‍ കരിമരുന്ന് ഒരുക്കുന്നവരുടെ പട്ടിക നല്‍കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. 300 പേരുടെ പട്ടികയാണ് ചോദിച്ചിരിക്കുന്നത്.