തൃശൂർ : ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലമായി തൃശൂർ ഉപഭോക്തൃ കോടതി വിധി. നടത്തറ ചീരക്കുഴി വീട്ടില്‍ മീനു സേവ്യർ, മാതാവ് ബീന.എം.ഡി. എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ വിധിയുണ്ടായത്. നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭാഗ്യനിധി ഡെപ്പോസിറ്റ് സ്കീമില്‍ 8,000/- രൂപ അടച്ചുകൊണ്ട് മീനു സേവ്യർ അംഗമായത് 1999 ജനുവരി 27 നാണ്. മാതാവ് ബീന.എം.ഡി. ആയിരുന്നു നോമിനി. ഈ സ്കീമിന്റെ കാലാവധി 2018 ജനുവരി 27ന് പൂര്‍ത്തിയാകുമ്പോള്‍ 1,28,000/- രൂപ നൽകുമെന്നായിരുന്നു ബാങ്കിന്റെ വാഗ്ദാനം. എന്നാൽ കാലാവധി കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ മീനു സേവ്യർ, മാതാവ് ബീന.എം.ഡി എന്നിവര്‍ ചേര്‍ന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
സർക്കാരിൽ നിന്ന് അനുമതി ലഭിക്കാതെ സ്കീം തുടങ്ങിയ നടപടിയും വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്ന നടപടിയും അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയും ആണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച കോടതി, സ്കീം പ്രകാരം നല്‍കേണ്ട 1,28,000/- രൂപയും നഷ്ടവും കോടതി ചെലവിനത്തിലുമായി 10,000/- രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.