അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 900 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 200ലധികം പേരെ രക്ഷപ്പെടുത്തി. നിരവധിപ്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് തുര്‍ക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വലിയ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
വെള്ളിയാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ഗ്രീസിന്റെയും തുര്‍ക്കിയുടെയും ഈജിയന്‍ തീരമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുര്‍ക്കിയിലെ നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചിരിക്കുന്നത് ഈജിയന്‍ റിസോര്‍ട്ട് നഗരമായ ഇസ്മിറിലും പരിസരത്തുമാണ്. ഭൂകമ്പം ഇസ്മറില്‍ ചെറിയ സുനാമികള്‍ക്കും കാരണമായി. 26 കെട്ടിടങ്ങള്‍ തകര്‍ന്നു. മൂന്ന് ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.
ഒപ്പം ഉയര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ നിറഞ്ഞതുമാണ്. ഏകദേശം 165 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് കടല്‍ വലിയതോതില്‍ പ്രക്ഷുബ്ധമായതായും തീരമേഖലയില്‍ കടലാക്രമണമുണ്ടായതായും ദൃക്സാക്ഷികള്‍ പറയുന്നു. 5700 ദുരിതാശ്വാസപ്രവര്‍ത്തകരാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ എത്രപേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന കാര്യം വ്യക്തമല്ല. ഭൂകമ്പസാധ്യതയേറിയ രാജ്യമായ തുര്‍ക്കിയില്‍ 1999-ലുണ്ടായ രണ്ട് ശക്തിയേറിയ ഭൂചലനങ്ങളില്‍ 18,000-ത്തോളം പേര്‍ മരിച്ചിരുന്നു.