തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രോപോലീത്തയുടെ കബറടക്കം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് തൃശ്ശൂര്‍ കുരുവിളയച്ചന്‍ പള്ളിയില്‍ ആണ് സംസ്‌കാരം. അടുത്ത രണ്ടു ദിവസങ്ങളിലായി പൊതുദര്‍ശനം നടക്കും. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മാര്‍ അപ്രേം അന്തരിച്ചത്. 85 വയസ്സായിരുന്നു. 28-ാം വയസില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായപ്പോള്‍ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം. അടുത്തിടെയാണ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞത്.
56 വര്‍ഷത്തിലധികം ഭാരത സഭയെ നയിച്ച ആത്മീയാചാര്യനാണ് വിട വാങ്ങുന്നത്. 1940 ജൂണ്‍ 13-ന് ജനിച്ച അദ്ദേഹം 1961 ല്‍ ശെമ്മാശനായി. സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മാര്‍ അപ്രേം. ഇംഗ്ലീഷിലും മലയാളത്തിലുമായി 70 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. യാത്രാവിവരണങ്ങള്‍, ജീവചരിത്രം, ആത്മകഥ, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ എഴുതി.നിരവധി ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാര്‍ജയില്‍ അത് വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.