ചെന്നൈ : തമിഴ്‌നാട്ടിലെ സതങ്കുളത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച ജയരാജിന്റെ മൂത്ത മകളായ പെര്‍സിസിന് മുഖ്യമന്ത്രി കെ പളനിസ്വാമി സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. റവന്യൂവകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായാണ് നിയമനം. തന്റെ പിതാവിന്റെയും ഇളയ സഹോദരന്‍ ബെന്നിക്‌സിന്റെയും മരണത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തിയതായും കൂടുംബത്തിന് നീതി ഉറപ്പ് നല്‍കിയതായും പെര്‍സിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തില്‍ സി ബി ഐ അന്വേഷണം തുടരുകയാണ്. ‘നീതി നടപ്പാക്കുമെന്നും നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വിശ്വസിക്കുന്നു’, അവര്‍ പറഞ്ഞു. നേരത്തേ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്‍കിയിരുന്നു.
അനുവദനീയമായ സമയപരിധിക്കപ്പുറം കടകള്‍ തുറന്ന് ഉത്തരവുകള്‍ ലംഘിച്ചെന്നാരോപിച്ചാണ് തൂത്തുക്കുടി ജില്ലയിലെ ജയരാജിനെയും മകന്‍ ബെന്നിക്‌സിനെയും ജൂണ്‍ 19ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്‌റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിനിരയായ ഇരുവരും പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയര്‍ന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് കേസ് ഏറ്റെടുത്തു. സി ബി സി ഐ ഡി നടത്തിയ അന്വേഷണത്തില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ സി ബി ഐക്കാണ് അന്വേഷണചുമതല.