മുംബൈ: പല വിധത്തിലാണ് മോഷ്ടാക്കൾ മോഷണം നടത്തുക. ഇത്തവണ ഗ്യാസ് ചോർച്ച പരിശോധിക്കാനെന്ന വ്യാജേന കവർച്ചക്കാർ ഘാട്‌കോപ്പർ മേഖലയിലെ ഒരു വീട്ടിനുള്ളിൽ കടന്ന് വീട്ടമ്മയെ കെട്ടിയിട്ട് മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് കവർന്നത്. വൈകുന്നേരം 4:30 ഓടെ മഹാനഗർ ഗ്യാസ് കമ്പനിയിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട രണ്ടുപേർ ഗ്യാസ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയതാണെണന്ന് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. അന്നേരം ഘട്‌കോപ്പർ വെസ്റ്റിൽ താമസിക്കുന്ന വീട്ടമ്മയായ ഹേമലത ഗാന്ധി (52) വീട്ടിൽ തനിച്ചായിരുന്നു. ശേഷം വീട്ടിൽ പ്രവേശിച്ച രണ്ടുപേരും ചേർന്ന് ഹേമലത ഗാന്ധിയെ കെട്ടിയിടുകയും, തുടർന്ന് ഇരുവരും ചേർന്ന് വീട്ടമ്മയെ തറയിൽ ഇരിക്കാൻ നിർബന്ധിച്ചു. നിലവിളിക്കാതിരിക്കാൻ അവരുടെ വായിൽ തൂവാല കെട്ടിയെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കവർച്ചക്കാർ തിരിച്ചുപോയത് ഹേമലതയുടെ സ്വർണ വളകൾ, താലിമാല എന്നിവയടക്കം മൊത്തത്തിൽ മൂന്ന് ലക്ഷം രൂപയുടെ ആഭരണം കവർന്നാണ്. വന്നവർ 25-30 വയസ് പ്രായമുള്ളവരാണെന്നും ഹിന്ദിയിൽ സംസാരിക്കുന്നവരാണെന്നും അവർ ആക്രമിക്കുകയും മുഖത്തും വലത് കണ്ണിലും പരിക്കേൽപ്പിക്കുകയും ചെയ്തതായും വീട്ടമ്മ പറഞ്ഞു. ഘട്കോപ്പർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും മുൻകാല ക്രിമിനൽ റെക്കോർഡുകൾ പരിശോധിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.