വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനു തുറമുഖത്ത് പോലീസിന്റെയും എസ്‌പിജിയുടെയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്‌തൃതമായ പരിധിയിലും തിരുവനന്തപുരം ജില്ലയുൾപ്പെട്ട വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടൽ-ആകാശ പരിധിയിൽ നിരീക്ഷണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. കടൽപരിധിയിൽ നാവികസേനയുടെയും കോസ്റ്റ്‌ഗാർഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും. ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയിൽ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകൾ ഒരുമിച്ചെത്തുക.
ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. നാവികസേനയുടെ ഒരു സൈനിക കപ്പൽ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് വായുസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെ ശംഖുംമുഖത്തുള്ള ടെക്‌നിക്കൽ ഏരിയയിൽ എത്തുമെന്നാണ് ലഭിച്ച വിവരം. അവിടെനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ സൈനിക ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാവും വിഴിഞ്ഞം തുറമുഖത്തെ പ്രത്യേകമായി സജ്ജമാക്കിയ ഹെലിപ്പാഡിൽ ഇറങ്ങുക. രാവിലെ 11-ന് എത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിവരെ തുറമുഖത്തുണ്ടാകുമെന്നാണ് വിവരം.