തിരുവല്ല : നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്ന തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ സമയക്രമം നിശ്ചയിച്ചു. ആദ്യഘട്ടമായി 2.3835 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനത്തിനുള്ള ശുപാർശ ഇന്ന് കളക്ടർ സർക്കാരിന് സമർപ്പിക്കണം. തുടർന്ന് മേയ് രണ്ടിനകം ഭൂമിയുടെ 11(1) വിജ്ഞാപനം റവന്യൂ വകുപ്പ് സ്വീകരിക്കണം. വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് വിളകൾ, വൃക്ഷങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ മൂല്യനിർണയം നടത്തണം. സർവേയർമാരുടെ അഭാവം നികത്തുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണം. അധികമായി ഏറ്റെടുക്കേണ്ട 0.379 ഹെക്ടർ സ്ഥലത്തിന്റെ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായ പബ്ലിക് ഹിയറിങ് മേയ് മാസം നടത്തണം.
വിദഗ്‌ധസമിതികൾ കളക്ടർ രൂപവത്കരിക്കണം. സാമൂഹികാഘാതപഠന റിപ്പോർട്ടും അതിൻമേലുളള വിദഗ്ധ സമിതി ശുപാർശയും മേയ് 30-നകം ലഭ്യമാക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ 11(1) വിജ്ഞാപനം ജൂണിൽ നടത്തണം. അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും ജില്ലയിലെ മറ്റു പദ്ധതികൾ നടക്കുന്നതിനാൽ സർവ്വേയർമാരുടെ അഭാവവും ഭൂമി ഏറ്റെടുക്കൽ വൈകിപ്പിച്ചതായി യോഗം വിലയിരുത്തി. റവന്യൂമന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിലും മാത്യു ടി.തോമസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലും മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലാകളക്ടർ പ്രേം കൃഷ്ണൻ, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷീബാജോർജ്, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി ഷിബു.എ, റവന്യൂ, റോഡ് ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (റിക്ക്) ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.