കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും ഓർമ്മിക്കപ്പെടുന്ന നടൻ പ്രേംനസീറിനെതിരെയുള്ള വിവാദ പരാമർശങ്ങളിൽ നടൻ ടിനി ടോം മാപ്പ് പറഞ്ഞു. പ്രേംനസീർ എന്ന മഹാനടനെതിരെ താൻ അറിഞ്ഞു കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും തൻ്റെ സീനിയർ താരങ്ങളിൽ ചിലർ പങ്കുവെച്ച അഭിപ്രായങ്ങളിൽ ചിലതാണ് പറഞ്ഞതെന്നും അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാവരോടും മാപ്പ് പറയുന്നതായും ടി നി ടോം അറിയിച്ചു. യു.കെ.യിൽ ഒരു പ്രോഗ്രാമിനായി നിൽക്കുന്ന ടി നി ടോം പ്രേംനസീർ സുഹൃത് സമിതിക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് തൻ്റെ ഖേദം പ്രകടിപ്പിച്ചത്. പ്രേംനസീർ ഒരു വലിയ മനുഷ്യനാണെന്നും ആ നടനെതിരെ ഒരു വാക്ക് പോലും പറയാൻ തനിക്ക് കഴിയില്ലന്നും ടിനിടോം പറയുന്നു. ടിനിടോമിൻ്റെ പരാമർശങ്ങൾക്കെതിരെ പ്രേംനസീർ സുഹൃത് സമിതി രംഗത്തുവരുകയും നടൻ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
”നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവെച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. അതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.”- ടിനി ടോം പറഞ്ഞു. സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നായിരുന്നു ടിനി ടോമിന്‍റെ പ്രസ്താവന. പരാമർശം വിവാദമായതോടെ നിരവധി പേർ ടിനി ടോമിനെതിരെ രംഗത്തെത്തി. ഇതോടെയാണ് വിശദീകരണവുമായി താരം രംഗത്ത് എത്തിയത്.