പത്തനംതിട്ട : മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ടിപ്പറുകളിലും മറ്റും മെറ്റലും ക്രഷറുല്‍പ്പന്നങ്ങളും കടത്തികൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി മല്ലപ്പള്ളി, കോയിപ്രം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പോലീസിനെ ഉപയോഗിച്ച് നടത്തിയ റെയ്ഡില്‍ മൂന്നു ടോറസും മൂന്നു ടിപ്പര്‍ ലോറികളും പിടികൂടി. എം സാന്‍ഡ്, മെറ്റല്‍ എന്നിവ പിടിച്ചെടുത്ത് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് കൈമാറിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരുവല്ല പരിയാരം ഭാഗത്തേക്കുകൊണ്ടുപോകുകയായിരുന്ന ഈ വാഹനങ്ങള്‍ തടഞ്ഞു പരിശോധിച്ചപ്പോള്‍ മതിയായ പാസോ രേഖകളോ സൂക്ഷിച്ചിട്ടില്ലെന്ന് മനസിലായതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി കിഴ്‌വായ്പൂര്‍, പെരുമ്പെട്ടി, കോയിപ്രം പോലീസ് സ്റ്റേഷനെ ഏല്‍പ്പിച്ചു.
ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി:ആര്‍.ജോസിന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ പോലീസ് എസ്.ഐ:ആര്‍.എസ് രഞ്ജു, രാധാകൃഷ്ണന്‍, എ.എസ്.ഐ മാരായ ഹരികുമാര്‍, വില്‍സണ്‍, സി.പി.ഒ ശ്രീരാജ് എന്നിവര്‍ അടങ്ങിയ ഷാഡോ പോലീസ് സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. വരുംദിവസങ്ങളിലും അനധികൃതമായി ക്രഷറുല്‍പ്പന്നങ്ങളും പച്ചമണ്ണും മറ്റും കടത്തുന്നവര്‍ക്കെതിരെയും വ്യാജചാരായ നിര്‍മാണത്തിനെതിരെയും കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.