വീട്ടിനുള്ളിലെ പൊടി പലപ്പോഴും ആരോഗ്യപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. ആസ്തമ പോലുള്ള രോഗങ്ങൾ അലട്ടുന്നവരിൽ ഇത് ഗുരുതരപ്രശ്നങ്ങളുണ്ടാക്കും. പുറത്തു നിന്നും പൊടി അകത്ത് എത്താനുള്ള സാധ്യതയുണ്ട്. പൊടി പൂർണമായും നീക്കാനാവില്ല. എന്നാൽ വീട്ടിനുള്ളിലെ പൊടിയുടെ അളവ് കുറയ്ക്കാനാവും. കൃത്യതയോടെ ഉചിതമായ ഉപകരണങ്ങളുപയോഗിച്ചുള്ള ക്ലീനിങ്ങാണ് ആവശ്യം. വീട്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഷൂസ് അടക്കമുള്ളവ പുറത്ത് തന്നെ വെയ്ക്കുക. ഇത് നല്ല ശീലങ്ങളുടെ കൂടി ഭാഗമാണ്. വീട്ടിനുള്ളിലെ പൊടിയുടെ ഏറിയ പങ്കും ഷൂസിൽ നിന്നുമാകും എത്തുക. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുക. വീട്ടിനുള്ളിൽ ചെരിപ്പ് ആവശ്യമാണെങ്കിൽ ഇൻഡോർ സ്ലിപ്പറുകൾ ഉപയോഗിക്കുക.
മാറ്റ് പോലുള്ളവ വീടിന് വെളിയിൽ സൂക്ഷിക്കുക. കയറുന്നതിന് മുമ്പ് മാറ്റ് ഉപയോഗിച്ച് കാലും വ്യത്തിയാക്കാൻ മറക്കരുത്. എല്ലാ മുറികളിലും ഇത്തരത്തിൽ മാറ്റ് ഉപയോഗിക്കുന്നത് മുറികളിലെ പൊടി വലിയ അളവിൽ കുറയാൻ കാരണമാകും. വീട്ടിൽ ഏസിയുണ്ടെങ്കിൽ ഫിൽറ്ററുകൾ മൂന്ന് മാസത്തിലൊരിക്കൽ മാറണമെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടിനുളളിൽ പൊടി ഏറെയുണ്ടാകാൻ സാധ്യതയുള്ള ഇടമാണ് കിടക്ക. വാക്വം ഉപയോഗിച്ച് കിടക്കയും മറ്റും വൃത്തിയാക്കാൻ ശ്രദ്ധിക്കാം. കിടക്കവിരികൾ, പില്ലോ കവർ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ മാറ്റുക. വാക്വം ചെയ്യുമ്പോൾ കർട്ടനുകളും വാക്വം ചെയ്യുക. ശുദ്ധവായുവിനായി ജനൽപാളികൾ തുറന്നിടുന്നത് പല തരത്തിലുള്ള പൊടി വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കാരണമാകും. കൃത്യമായ ഇടവേളകളിൽ വെള്ളം ഉപയോഗിച്ച് നിലം തുടയ്ക്കാനും മറക്കരുത്. വിൻഡോ ബ്ലൈൻഡുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതും ശുചീകരിക്കുക. എയർ പ്യൂരിഫയർ ഒരു പരിധി വരെ ഗുണം ചെയ്യും.
ടിവി പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ വളരെ വേഗം പൊടിയടിയും. ഉപകരണം സ്വിച്ചോഫാക്കിയ ശേഷം മൈക്രോഫൈബർ ക്ലീനിങ് തുണി ഉപയോഗിച്ച് പൊടി തട്ടുക. വയറുകളിലും കോഡുകളിലും പൊടി നീക്കാൻ വാക്വം ക്ലീനറുകളാണ് ഫലപ്രദം. ഇലക്ട്രോണിക് ഉപകരണങ്ങളിൽ വാക്വം ക്ലീനർ ഉപയോഗിക്കാമോ എന്ന് അവയുടെ മാർഗരേഖ വായിച്ച് മനസ്സിലാക്കാം. ഫോൺ സെറ്റുകളും ഇടയ്‌ക്കൊന്ന് ക്ലീനാക്കണം. ഫോണിന് ലെതർ കേയ്‌സ് ആണെങ്കിൽ ബാക്ടീരിയ ഉണ്ടാവാൻ സാധ്യതയേറും. സ്‌ക്രീൻ വൈപ്പ് ഉപയോഗിച്ച് ഫോൺ ക്ലീൻ ചെയ്യുക. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ കഴിയുന്നതും ടോയ്‌ലെറ്റിലേക്ക് ഫോൺ എടുക്കുന്നത് ഒഴിവാക്കുക. കംപ്യൂട്ടർ സ്‌ക്രീനിൽ തങ്ങുന്ന പൊടിയും അഴുക്കും കംപ്യൂട്ടറിന്റെ സ്വാഭാവികമായ കൂളിങ്ങിനെ കുറയ്ക്കുന്നു. പഴക്കമുള്ള കംപ്യൂട്ടറാണെങ്കിൽ ഉള്ളിലും പൊടി അടിയാം.