തിരുനെൽവേലി: തിരുനെൽവേലിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വൈകുണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിക്ക് വധശിക്ഷയും നാല് പേർക്ക് ജീവപര്യന്തം തടവുംശിക്ഷ വിധിച്ച് കോടതി. തിരുനെൽവേലിക്കടുത്തുള്ള പാളയൻ ചെട്ടികുളം സ്വദേശിയായ 45 കാരനായ വൈകുണ്ഡത്തിനെതിരെ അഞ്ച് കൊലപാതക കേസുകൾ ഉൾപ്പെടെ വിവിധ കേസുകൾ ഉണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംഘർഷങ്ങൾ, ഒരേ സമുദായത്തിലെ അംഗങ്ങൾ തമ്മിലുള്ള കൊലപാതകങ്ങൾ,കുത്തി പരിക്കേൽപ്പിച്ച കേസുകൾ എന്നിവയിലും അയാൾക്ക് പങ്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ 2022 മാർച്ച് 10 ന് ഇയാൾ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു.
അന്ന് രാവിലെ വീടിനു സമീപത്തെ ഒരു കനാലില്‍ കുളിക്കാന്‍ എത്തിയ വൈകുണ്ഠനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുനെൽവേലിയിലെ രണ്ടാമത്തെ അഡീഷണൽ ജില്ലാ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. കേസ് പരിഗണിച്ച ജഡ്ജി കെ. സുരേഷ് കുമാർ ഒന്നാം പ്രതി സെൽവരാജിന് വധശിക്ഷ വിധിച്ചു. ആന്റണി പ്രഭാകർ, അരുൾ ഫിലിപ്പ്, ആൻഡോ നല്ലയ്യ, ബാബു അലക്സാണ്ടർ എന്നീ നാല് പേരെ അദ്ദേഹം ജീവപര്യന്തം തടവിനും രാജൻ, സെൽവ ലീല, ജാക്വലിൻ എന്നിവർക്ക് രണ്ട് മാസം തടവിനും ശിക്ഷിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് സാധ്യതയുള്ളതിനായി തിരുനെൽവേലി കോടതി പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.