തിരുവല്ല : തിരുവല്ല വില്ലേജ് ഓഫീസ് കെട്ടിടം പണി പൂർത്തിയായില്ല. നിർമാണത്തിലെ പിഴവ് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ മൂന്നുമാസമായി ഒരുപണിയും നടക്കാത്ത നിലയിലുമായി. താലൂക്ക് ആശുപത്രിപ്പടിയിൽനിന്ന് കച്ചേരിക്കുന്നിലേക്ക് പോകുന്ന വഴിയിൽ കിഴക്കുവശത്ത് റവന്യു ഭൂമിയിലാണ് പുതിയ വില്ലേജ് ഓഫീസ് പണിയുന്നത്. നിർമിതി കേന്ദ്രത്തിനായിരുന്നു പണിയുടെ ചുമതല. ശൗചാലയത്തിന്റെ നിർമാണത്തിലാണ് അപാകം. കെട്ടിടത്തിന്റെ മുൻഭാഗത്ത് രണ്ട് ശൗചാലയങ്ങളാണ് പണിതിരിക്കുന്നത്. രണ്ടുമുറികളുടേയും തറഭാഗം പുറത്തെ വരാന്തയേക്കാളും ഉയരത്തിലാണ്.
ശൗചാലയത്തിലെ വെള്ളം വരാന്തയിലേക്ക് എത്തുന്ന സാഹചര്യം റവന്യു ഉദ്യോഗസ്ഥർ കരാറുകാരെ ബോധ്യപ്പെടുത്തി. ഭാവിയിൽ വരാന്തയിൽ മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി. തറയോടിന്റെ കഷണംവെച്ച് പണിക്കാർ പോയി. ഏതുപണികളിലും ശൗചാലയത്തിന്റെ തറ മറ്റ് ഭാഗങ്ങളേക്കാൾ താഴ്ത്തിയാണ് നിർമിക്കുക. ഓഫീസ് കെട്ടിടത്തിന് അകത്തുള്ള രണ്ട് ശൗചാലയങ്ങളിൽനിന്ന് വെള്ളം പോകാനുള്ള പൈപ്പ് അകത്തേക്ക് കയറുന്ന വാതിലിനോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയും വെള്ളം ഓഫീസ് മുറിയിലേക്ക് കയറാനുള്ള സാധ്യതയുണ്ട്.
പുതിയ സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്ക് കയറാനായി റാമ്പ് നിർബന്ധമാണ്. തിരുവല്ലയിലെ പുതിയ വില്ലേജ് കെട്ടിടത്തിൽ റാമ്പ് പണിതെങ്കിലും യു ടേൺ എടുത്ത് കയറേണ്ട സ്ഥിതിയാണ്. ‘എൽ’ ആകൃതിയിൽ കൈവരി സ്ഥാപിച്ചതാണ് പ്രശ്‌നം. കൈവരിയുടെ സ്റ്റീൽ പൈപ്പുകൾ കൂട്ടിയോജിപ്പിക്കാൻ സ്റ്റീൽ റാഡിന് പകരം ഇരുമ്പ് റാഡ് ഉപയോഗിച്ചതും നിർമാണപ്പിഴവായി വിലയിരുത്തുന്നു. ജീവനക്കാരുടെ കാബിൻ പണി പൂർത്തിയായിട്ടില്ല. ഇതിന് ഉപയോഗിച്ച പ്ലൈവുഡിന് നിലവാരം ഇല്ലാത്തതാണെന്ന ആക്ഷേപം ഉയർന്നതോടെ പണി തുടർന്നില്ല.
നിർമാണത്തിലെ അപാകം ജില്ലാ ഭരണകൂടത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. നിർമിതി കേന്ദ്രത്തോട് പണി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടും തുടർനടപടി ഉണ്ടായിട്ടില്ല. 2019-ലാണ് 45 ലക്ഷം രൂപ പുതിയ വില്ലേജ് ഓഫീസിനായി അനുവദിക്കുന്നത്. നഗരസഭയുടെ പഴയ പ്രിമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിലായിരുന്നു വർഷങ്ങളോളം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം അപകടാവസ്ഥയിൽ ആയപ്പോൾ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന റവന്യു ടവറിലേക്ക് 2018-ൽ മാറ്റി. ടവറിലെ മൂന്നാംനിലയിലാണ് വില്ലേജ് ഓഫീസ് ഇപ്പോഴുള്ളത്. സ്ഥിരം ലിഫ്റ്റ് പ്രവർത്തനരഹിതമാകുന്ന ടവറിൽ പടിക്കെട്ട് മാത്രമാണ് എല്ലാവർക്കും ആശ്രയം. ഭിന്നശേഷിക്കാരെ കൈകളിൽ എടുത്ത് പടികയറണം.