ചെന്നൈ : വിവിധ സർക്കാർ സ്ഥാപനങ്ങളിൽ മിന്നൽ സന്ദർശനം നടത്തി ഞെട്ടിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിവിധ പരിപാടികൾക്കായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്ര നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം അപ്രതീക്ഷിതമായി പല സർക്കാർ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും കടന്നുചെല്ലുന്നത്. പോലീസ് സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തിയതിനു പിന്നാലെ വിദ്യാർഥികളുടെ ഹോസ്റ്റലിലേക്കാണ് സ്റ്റാലിൻ കടന്നുചെന്നത്.
ധർമപുരി ജില്ലയിലെ പെണ്ണഗരത്ത് സ്ഥിതി ചെയ്യുന്ന സർക്കാരിന്റെ തന്നെ ആദിദ്രാവിഡാർ ക്ഷേമ വിദ്യാർഥി ഹോസ്റ്റലിലാണ് മുഖ്യമന്ത്രി എത്തിയത്. ഹോസ്റ്റൽ സൗകര്യങ്ങളും ഭക്ഷണവും എല്ലാം വിദ്യാർഥികളോട് അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. ഹോസ്റ്റൽ മുറികളിലെ സൗകര്യങ്ങൾ, ശുചിമുറി, അടുക്കള, ഭക്ഷണമുറി എന്നിങ്ങനെ എല്ലായിടത്തും സ്റ്റാലിൻ കയറി നോക്കി വിലയിരുത്തി. വിദ്യാർഥികളുമായി സംസാരിച്ച് അവരുടെ ആവശ്യം കൂടി അറിഞ്ഞശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇതിനു പിന്നാലെ ധർമപുരി ജില്ലയിലെ ആദിയമ്മൻകോട്ടെ പോലീസ് സ്റ്റേഷനിലേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ മുഖ്യമന്ത്രി എത്തിയത്. ധർമപുരിയിൽ നിന്നും സേലത്തേക്കുള്ള രാത്രി യാത്രയിലായിരുന്നു ഈ മിന്നൽ സന്ദർശനം. മുഖ്യമന്ത്രി ഇതുവഴി കടന്നുപോകുമെന്നല്ലാതെ സ്റ്റേഷനിൽ നേരിട്ടെത്തുമെന്ന് ഒരു ധാരണയും പോലീസുകാർക്ക് ഇല്ലായിരുന്നു. പൊതുജനങ്ങളോടുള്ള പോലീസ് നിലപാടുകളും പരാതികളിൽ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ ഈ വരവ്.
പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം രജിസ്റ്ററുകൾ വിശദമായി പരിശോധിച്ചു. ലഭിച്ച പരാതികൾ അതിലെടുത്ത നടപടികൾ എങ്ങനെ സ്റ്റേഷന്റെ പ്രവർത്തനം കൃത്യമാണോ എന്ന് അദ്ദേഹം സമയം ചെലവൊഴിച്ച് പരിശോധിച്ചു. സ്റ്റാലിൻ സർക്കാരിന്റെ ‘നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി’ എന്ന പദ്ധതിയെ കുറിച്ചും അദ്ദേഹം പോലീസുകാരോട് ചോദിച്ചറിഞ്ഞു.