റാന്നി : കാർഗിൽ യുദ്ധത്തിൻ്റെ വിജയാഘോഷം അനുസ്മരിച്ച് ഇന്ത്യൻ ആർമിയിലെ ജവാന്‍മാര്‍ സൈക്കിൾ റാലിയുമായി റാന്നിയിലെത്തി. മേജർ തോക്ചോം ഭഗജിത് സിംഗിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റാന്നിയിലെത്തിയത്. കോട്ടയം ജില്ലയിലെ പാലാ രാമപുരം യുദ്ധസ്മാരകത്തിൽ നിന്നാരംഭിച്ച് വിവിധ മിലട്ടറി പോളി ക്ലീനിക്കുകളും കാൻ്റിനുകളും സന്ദർശിച്ചാണ് ചൊവ്വാഴ്ച നാലുമണിയോടെ റാന്നിയിലെത്തിയത്. റാന്നിയിലെത്തിയ സൈന്യത്തിൻ്റെ സൈക്കിൾ റാലിക്ക് റാന്നി മിലട്ടറി ക്ലീനിക്കിലെ ജീവനക്കാർ മുല്ലപ്പൂമാല ചാർത്തി സ്വീകരിച്ചു.
ഇന്ത്യന്‍ ആര്‍മി സ്റ്റേഷന്‍ കമാന്‍റര്‍ ബ്രിഗേഡിയര്‍ എം.പി സലീല്‍ ഉദ്ഘാടനം ചെയ്തു. മിലട്ടറി പോളിക്ലീനിക്കൽ ഓഫീസർ ഇൻ ചാർജ്ജ് റിട്ട. കേണൽ ബോസ് കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേട് എയർ ഫോഴ്സ് വിജയൻ കാർഗിൽ വിജയദിന സന്ദേശം നല്കി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച മണിമല സ്വദേശി കമാൻ്റോ പോൾ ബാസ്റ്റിൻ്റെ മാതാവിനും സർവ്വീസിൽ ഇരിക്കെ മരണപ്പെട്ട മറ്റൊരു സൈനികൻ്റെ ആശ്രിതക്കും ആദരവും റാന്നി പോളിക്ലിനിക്കിലെ സ്റ്റാഫ് റിട്ട. ഹവിൽദാർ ബിജു ഏബ്രഹാമിന് എക്സലൻ്റ് സർട്ടിഫിക്കറ്റും നല്കി. ഓഫീസ് സൂപ്രണ്ട് റിട്ട. ക്യാപ്റ്റൻ സജി മാത്യു നേതൃത്വം നല്കി. സൈക്കിൾ റാലി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കാർഗിൽ വിജയദിനമായ ജൂലൈ 26 ന്,തിരുവനന്തപുരത്ത് എത്തിചേരും.