ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരിയായ അളവിൽ ഇരുമ്പ് ശരീരത്തിൽ എത്തിയില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇരുമ്പിന്റെ കുറവ് ശരീരത്തിൽ ഹീമോഗ്ലോബിൻ ഉൽപാദനം കുറയുന്നതിന് കാരണമാകുമെന്ന് യോഗ പരിശീലകയും പോഷകാഹാര വിദഗ്ധയുമായ ദിഷ ഗുലാത്തി പറയുന്നു.
ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവ് ഉണ്ടാകുമ്പോൾ അനീമിയയ്ക്ക് കാരണമാകുന്നു. ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ ഇരുമ്പ് ആവശ്യമാണ്. നേരിയ ഇരുമ്പിന്റെ കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടില്ല. ഇത് കൂടുതൽ കഠിനമാകുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. ക്ഷീണം, തലവേദന, നെഞ്ച് വേദന, പാദങ്ങളും കെെകളും തണുത്തിരിക്കുക, മുടി കൊഴിച്ചിൽ എന്നിവയാണ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ.
പുരുഷന്മാർക്ക് പ്രതിദിനം കുറഞ്ഞത് 8 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കുക. ചീര, ബീറ്റ്റൂട്ട്, വാഴപ്പഴം, ഈന്തപ്പഴം എന്നിവ ഉൾപ്പെടുത്തുക. ഈ നാല് ചേരുവകൾ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. ഇവയിൽ മഗ്നീഷ്യം, ഫൈബർ, വിറ്റാമിൻ സി എന്നിവയും ധാരാളമുണ്ട്. കരളിലെ വിഷാംശം പുറന്തള്ളാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. റാഗിയിൽ കാൽസ്യം, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, മാത്രമല്ല ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബ്രൊക്കോളിയിൽ ഇരുമ്പ്, വിറ്റാമിൻ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. മലബന്ധം ഉള്ളവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന പ്രശ്നങ്ങൾ ഉള്ളവർക്കും ബ്രൊക്കോളി കഴിക്കുന്നത് ഏറെ ഗുണകരമാണ്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. കൂടാതെ, ധാരാളം വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടവുമാണ് മാതളനാരങ്ങ.