അബുദാബി : ഗാസ യുദ്ധത്തിൽ പരിക്കേറ്റ കൂടുതൽ പലസ്തീൻകുട്ടികളും അർബുദരോഗികളും യു.എ.ഇ. യിൽ എത്തി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച പുതിയ സംഘത്തെ തുടർച്ചികിത്സകൾക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ 1000 കുട്ടികൾക്കും 1000 അർബുദരോഗികൾക്കും ചികിത്സനൽകാനുള്ള യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എട്ടാമത് സംഘമാണ് വെള്ളിയാഴ്ച എത്തിയത്. അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട സംഘത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 28 പേരും അവരുടെ 35 കുടുംബാംഗങ്ങളുമാണുള്ളത്.
യുദ്ധത്തിന്റെ തുടക്കം മുതൽ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം, വസ്ത്രം ഉൾപ്പെടെ യു.എ.ഇ.നിരന്തരം സഹായമെത്തിക്കുന്നുണ്ട്. കൂടാതെ രാജ്യം ഗാസയിൽ 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയും സ്ഥാപിച്ചു.അവിടെ 100- ലേറെ ശസ്ത്രക്രിയകളും നടത്തി. 1098 പേർ ഫീൽഡ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.