തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്‌റ്റ് നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന എം.പി.കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം എം.പി. നഗർ-എം.പി. ഫൗണ്ടേഷൻ പ്രഖ്യാപിച്ച എം.പി.കൃഷ്ണപിള്ള സ്‌മൃതി ‘കർമ്മധീര പുരസ്ക്കാരം’ ഗാന്ധിയൻ, മുൻ രാജ്യസഭാംഗം, കേരള നിയമസഭാംഗം, മുൻ കെ.പി.സി.സി പ്രസിഡൻ്റ് എന്നീ നിലകളിൽ ജനമനസുകളിൽ സ്ഥാനം നേടിയ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് മുൻ അംബാസിഡറും വിദേശകാര്യ വിദഗ്ദ്ധനുമായ ടി.പി. ശ്രീനിവാസൻ തിരുവനന്തപുരത്തുള്ള തെന്നല- അമ്പാടി വസതിയിൽ സംഘടിപ്പിച്ച യോഗത്തിൽ സമ്മാനിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. എം.പി. ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. കെ.പി. ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഗാന്ധിഭവൻ സെക്രട്ടറി
കേരളശ്രീ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.
അതിവേഗ ചിത്രകാരനും എക്കോ ഫിലോസഫറുമായ ഡോ. ജിതേഷ്ജി മുഖ്യ പ്രഭാഷണം നടത്തി. ലോക കേരളസഭാംഗവും പ്രവാസി ഫെഡറേഷൻ സംസ്ഥാന ജോ.സെക്രട്ടറിയുമായ പി സി വിനോദ്, കായംകുളം എം.എസ്. എം കോളേജ് മുൻ സംസ്കൃത വിഭാഗം മേധാവി പ്രൊഫ. എ. വേണുഗോപാൽ, ബ്രെയിൻ വൈസ് പ്രസിഡൻ്റ് എസ്. മോഹനകുമാർ, കാന്തല്ലൂർ ‘അശോകവനം’ ഗോത്ര പൈതൃക ഗ്രാമം മാനേജിംഗ് ഡയറക്ടർ ഡോ. എസ്. അശോക് കുമാർ, ഏഷ്യാനെറ്റ് മുൻഷി ഫെയിം ജിക്കു ചാക്കോ എന്നിവർ സംസാരിച്ചു. എം.പി.ഫൗണ്ടേഷൻ സെക്രട്ടറി കെ.പി. കൃഷ്ണകുമാർ സ്വാഗതവും ഡോ. ആഷ ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.