പുല്ലാട് : ഓണത്തെ വരവേൽക്കാൻ തനി നാടൻവിഭവങ്ങൾ ഒരുങ്ങുന്നു. പുല്ലാട് കിഴക്ക് 292-ാംനമ്പർ എൻ.എസ്.എസ്. കരയോഗം ശ്രീലക്ഷ്മി സ്വയംസഹായ സംഘത്തിലെ അമ്മമാരാണ് ഉപ്പേരികളും വിവിധതരം അച്ചാറുകളും തയ്യാറാക്കുന്നത്. കഴിഞ്ഞ 11 വർഷമായി ഓണക്കാലത്തുമാത്രം ഉപ്പേരിയും രുചിയൂറുന്ന അച്ചാറുകളുമുണ്ടാക്കി ഇവർ വിപണനം ചെയ്യുന്നുണ്ട്. ആവശ്യക്കാരും ഏറെയാണ്. വിപണിയിൽ ലഭിക്കുന്നവയിൽ ഏറെയും പാം ഓയിലിലും മറ്റ് എണ്ണകളിലും വറക്കുന്നവയാണ്. എന്നാൽ ഇവിടെ ചക്കിൽ ആട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചാണ് ഉപ്പേരിയുടെ നിർമാണം. നാടൻ ഏത്തൻ കൂടുതൽ ഉപയോഗിക്കുന്നതിനാൽ ഉപ്പേരിക്ക് രുചിയുമേറും.
കൂടാതെ പേരുകേട്ട പുല്ലാടൻ കപ്പ ഉപയോഗിച്ച് സ്പെഷ്യൽ കപ്പ ഉപ്പേരിയും തയ്യാറാക്കുന്നുണ്ട്. ശർക്കരവരട്ടി, കളിയടയ്ക്ക, മാങ്ങ, നാരങ്ങ, വെളുത്തുള്ളി അച്ചാറുകൾ, മിക്സഡ് അച്ചാറുകൾ, ഇഞ്ചിക്കറി എന്നിവയും ഇവിടെ തയ്യാറാക്കുന്നു. ഇവയെല്ലാംതന്നെ അമ്മമാരുടെ നാടൻ രുചിക്കൂട്ടുകൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. പുല്ലാട് കിഴക്ക് എൻ.എസ്.എസ്. കരയോഗം ആൽമാവ് ജംഗ്ഷന് സമീപത്തെ പ്രഭാകരവിലാസം വീട്ടിലാണ് ഇവ തയ്യാറാക്കുന്നത്. ശ്രീലക്ഷ്മി സ്വയംസഹായസംഘം പ്രസിഡന്റ് ഓമന എസ്.നായർ, സെക്രട്ടറി പ്രീതാ മനോജ്, അംഗങ്ങളായ രമ എസ്.നായർ, കമലമ്മ, അമ്പിളി അനിൽ, ജയാ രാജശേഖരൻ, തങ്കമണി, ലത എന്നിവരാണ് നേതൃത്വം.