പുനലൂര്‍ : തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പച്ചക്കറിയുടെ മറവില്‍ കടത്തിയ രണ്ടു ചാക്ക് നിരോധിത ലഹരി ഉല്പന്നം പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് സംഘം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലംകുളം സ്വദേശിയും മിനിലോറി ഡ്രൈവറുമായ വൈദ്യലിംഗം (29), സഹായി മുരുകന് (29) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ പുനലൂര്‍ പട്ടണത്തില്‍ വാഹനപരിശോധനക്കിടെയായിരുന്നു ഇവര്‍ പിടിയിലായത്.
ആലംകുളത്തുനിന്ന് കൊല്ലം കണ്ണനല്ലൂര്‍ ഭാഗത്തുള്ള കച്ചവടക്കാര്‍ക്കാണ് പച്ചക്കറി എത്തിച്ചതെന്ന് പിടിയിലായവര്‍ പറയുന്നു. പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ രണ്ടു ചാക്കിലായി 3200 കവര്‍ പാന്‍മസാലയാണ് ഒളിപ്പിച്ചിരുന്നത്. ഇതിന് വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപയ്ക്ക് വില്‍ക്കാമെന്ന് അധികൃതര്‍ പറയുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. നിസാമുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി, അശ്വന്ത്, വിഷ്ണു, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാന്‍മസാല പിടികൂടിയത്.