പത്തനംതിട്ട : 1982 നവംബര്‍ 1 – നാണ് കേരള സംസ്ഥാനത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിന്റെ ഒരു വലിയ ഭാഗവും, ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ ഒരു ഭാഗവും, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന തിരുവല്ലാ താലൂക്കും, മാവേലിക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പത്തനംതിട്ട ജില്ലയ്ക്ക് രൂപം നല്‍കിയത്. പത്തനം എന്നാല്‍ മനോഹരമായ വീടുകള്‍ എന്നും തിട്ട എന്നാല്‍ നദീതടം എന്നുമാണ് അര്‍ത്ഥം. നദീതീരത്ത് നിരനിരയായി വീടുകളുള്ള സ്ഥലംഎന്നതില്‍ നിന്നാണ് പത്തനംതിട്ട എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതാം.
കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധമുള്ള അച്ചന്‍കോവിലാര്‍ നദി ഈ ജില്ലയുടെ ഹൃദയഭാഗത്തു കൂടിയാണ് ഒഴുകുന്നത്. അയ്യപ്പചരിതത്തില്‍ പരാമര്‍ശിക്കുന്ന പല പ്രദേശങ്ങളും ഇന്ന് പത്തനംതിട്ട ജില്ലയുടെ ഭാഗമാണ്. ക്രിസ്തുശിഷ്യനായ തോമാശ്ളീഹാ നിലയ്ക്കല്‍ കുന്നുകളിലെത്തി കുരിശു സ്ഥാപിച്ചത് ചരിത്രമാണ്. ഇവിടെനിന്നാണ് അദ്ദേഹം കോന്നി – അച്ചന്‍കോവില്‍ പാതകളിലൂടെ സഞ്ചരിച്ച് മധുരയില്‍ എത്തിച്ചേര്‍ന്നതെന്ന് ചരിത്രസൂചനകളുണ്ട്. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പമ്പാനദിയിലെ മണല്‍ത്തട്ടിലാണ്.
പത്തനംതിട്ട ജില്ല രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മുൻ നിയമസഭാ സാമാജികനായിരുന്നു കെ.കെ നായർ എന്ന കുളപ്പുരയ്ക്കൽ കരുണാകരൻ നായർ 1981-ലെ രാഷ്ട്രീയ ചുവടുമാറ്റങ്ങൾ കെ.കെ.നായർ എന്ന എം.എൽ.എയുടെ നീക്കങ്ങൾ കേരള രാഷ്ട്രീയവും ശ്രദ്ധിച്ചു. ഇ.കെ.നായനാർ മന്ത്രിസഭയിൽനിന്നു കേരള കോൺഗ്രസ് മാണിവിഭാഗവും എ.കെ.ആന്റണി കോൺഗ്രസും പിന്തുണ പിൻവലിച്ചതോടെ മന്ത്രിസഭ രാജിവെച്ചു. രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയ കേരളത്തിൽ മന്ത്രിസഭ രൂപവത്കരിക്കാൻ ഇടതുമുന്നണിയും കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള വലതുമുന്നണിയും പരിശ്രമം തുടങ്ങി. ഇതോടെ സ്വതന്ത്രനായ കെ.കെ.നായരുടെ നിലപാടും രാഷ്ട്രീയകേരളം ശ്രദ്ധിച്ചു.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കെ.കെ.നായരെ കരുണാകരൻ വലതുമുന്നണിയിലേക്ക് അടുപ്പിച്ചെങ്കിലും പത്തനംതിട്ട ജില്ല മതി മന്ത്രിസ്ഥാനം വേണ്ട എന്നതായിരുന്നു കെ.കെ.നായരുടെ നിലപാട്. കരുണാകരൻ ഉറപ്പുനൽകിയതോടെ കെ.കെ.നായർ ഒപ്പംകൂടി. എ.സി.ജോസ് സ്പീക്കറായിരുന്ന കാസ്റ്റിങ് നിയമസഭയിൽ കരുണാകരൻ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭ 90 ദിവസമേ നീണ്ടുനിന്നുള്ളൂ. കേരളകോൺഗ്രസ് എമ്മിലെ ലോനപ്പൻ നമ്പാടൻ വലതുമുന്നണി വിട്ട് ഇടതു പാളയത്തിൽ എത്തിയതാണ് കരുണാകരൻ മന്ത്രിസഭയുടെ പതനത്തിന് കാരണമായത്. 1982-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ല എന്ന പ്രഖ്യാപനവുമായി കെ.കെ.നായർ മത്സര രംഗത്ത് ഐക്യമുന്നണി സ്ഥാനാർഥിയായി മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഐക്യമുന്നണി അധികാരത്തിൽ വന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായി. കൊല്ലം ജില്ലയിലെ പത്തനാപുരവും ആലപ്പുഴയിലെ ചെങ്ങന്നൂരും പത്തനംതിട്ടയും ചേർന്ന് ജില്ല എന്നതായിരുന്നു കെ.കെ.നായരുടെ സങ്കല്പം. രാഷ്ട്രീയ സമ്മർദങ്ങൾ കാരണം അതിന് കഴിഞ്ഞില്ല. തിരുവല്ലയാണ് പത്തനംതിട്ടയോട് ചേർത്തത്.