കൊടിയത്തൂര്‍: സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രോതസ്സുകള്‍ക്ക് സമീപത്തും തോട്ടിലും കൃഷി ഭൂമിയിലുമുള്‍പ്പെടെ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്യാനൊരുങ്ങി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. എടവണ്ണ കൊയിലാണ്ടിയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ പിഴചുമത്തിയത് അടക്കാത്ത സാഹചര്യത്തിലാണ് സ്വത്ത് ജപ്തിചെയ്യാന്‍ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ഷാനവാസ് (28), മലപ്പുറം വള്ളുവമ്പ്രം മുസ്‌ലിയാരകത്ത് എം. അഹമ്മദ് ഹുസൈന്‍ (33), കോഴിക്കോട് കല്ലായി ചക്കുംകടവ് എ.കെ. സക്കറിയ (43) എന്നിവരാണ് കേസില്‍ പിടിയിലായത്.
മാലിന്യം തള്ളിയവരെ കഴിഞ്ഞ ഒക്ടോബറിലാണ് മുക്കം പോലീസ് സാഹസികമായി പിടികൂടിയത്. വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കിയിരുന്നു. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 2 ലക്ഷം പിഴ ചുമത്തി സെക്രട്ടറി നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം പിഴ അടക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്ത് പിഴ തുകയും മറ്റ് അനുബന്ധ ചിലവുകളും ഈടാക്കുമെന്നും അറിയിച്ചു. 3 തവണ നോട്ടീസ് നല്‍കിയെങ്കിലും പിഴ അടക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് സ്വത്ത് ജപ്തി ചെയ്യാന്‍ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.