പത്തനംതിട്ട: ശുചിമുറി മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യാൻ മാലിന്യ നിർമാർജന തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) പ്രതിനിധികളുമായും ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രതിനിധികളുമായും പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസിന്റെ അധ്യക്ഷതയിൽ യോഗം ചേരും. യോഗത്തിൽ ശുചിത്വ മിഷൻ, പോലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, തൊഴിൽ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളുടെ ജില്ല മേധാവികളും പങ്കെടുക്കും. ഡിസംബർ നാല് ബുധനാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക.
മുൻപ് ജില്ല ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്കുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ വിഷയം ചർച്ച ചെയ്തിരുന്നു. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്ററുമായി നടന്ന ചർച്ചയിൽ, തുടർ നടപടിയെന്ന നിലയിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കാൻ ധാരണയിലെത്തിയിരുന്നു. പത്തനംതിട്ട ജില്ലയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ പ്രധാന ആവശ്യം. ജില്ലയ്ക്ക് പുറത്ത് സർക്കാർ ഉടമസ്ഥതതയിലുളള മാലിന്യ സംസ്കരണ സംവിധാനങ്ങളിലേക്കുളള ശുചിമുറി മാലിന്യ നീക്കത്തിനായി പാസ് ഇഷ്യൂ ചെയ്യണമെന്നും മാലിന്യ നിർമാർജന തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ആവശ്യപ്പെടുന്നുണ്ട്.