ശബരിമല : ശബരിമല തീർത്ഥാടന കാലത്തെ ശുചിമുറി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുക ലക്ഷ്യമിട്ട് രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ (എംടിയു) പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലേക്കായി എത്തിച്ചു. തുടക്കത്തിൽ രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകളാണ് തീർത്ഥാടന കാലത്തേക്കായി നിയോഗിച്ചിരിക്കുന്നത്. രണ്ട് യൂണിറ്റുകള്‍ കൂടി ഡിസംബര്‍ 15 ന് ജില്ലയിലേക്ക് തീർത്ഥാടന കാലം ലക്ഷ്യമിട്ട് എത്തും. ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യ സംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇപ്പോൾ ജില്ലയിലേക്ക് എത്തിച്ചിരിക്കുന്ന എംടിയുകൾ ഉയർന്ന ശേഷിയുളളവയാണ്. ഒരു തവണ ഓരോ എംടിയുവിനും 6000 ലിറ്റര്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കാനാവും. ഒരു ദിവസം നാല് തവണയായി 24,000 ലിറ്റര്‍ മാലിന്യം വരെ ഒരു യൂണിറ്റിന് സംസ്‌കരിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഐഎഎസ് അറിയിച്ചു.
വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ എംടിയുകള്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശബരിമലയില്‍ എത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ ഇവ പമ്പ, നിലയ്ക്കൽ സെക്ടറിൽ തുടരും. ആവശ്യാനുസരണം വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് എത്തിച്ച് മാലിന്യം സംസ്‌കരിക്കാനാവും എന്നതാണ് മൊബൈല്‍ പ്ലാന്റുകളുടെ പ്രധാന സവിശേഷത. ജനത്തിരക്കുള്ള പ്രദേശങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിലും മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ വളരെ പ്രയോജനപ്രദമാണ്. ശബരിമല പോലെ ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന പ്രദേശങ്ങളില്‍ മാലിന്യസംസ്‌കരണം ശാസ്ത്രീയവും വിപുലവുമാക്കാനും ഈ നടപടിയിലൂടെ സാധിക്കും. ഒരു അടിയന്തിര സന്ദർഭം ഉണ്ടായാൽ പെട്ടെന്ന് അവിടേക്ക് എത്തിച്ച് മാലിന്യ സംസ്‌കരണ പ്രവർത്തനം വേഗത്തിലാക്കാൻ എംടിയുകൾ ഉപയോഗിച്ച് സാധിക്കുമെന്ന് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ അറിയിച്ചു. ഇതിനോടൊപ്പം നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയുക ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ വകുപ്പും ജില്ല ശുചിത്വ മിഷനും സംയുക്തമായി ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ജില്ല ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് വ്യക്തമാക്കി.