ന്യൂഡൽഹി : കേരളത്തിലുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ തക്കാളിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നൂറോളം കേസുകളാണ് നിലവിൽ കേരളം, തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മേയ് ആറിനും ജൂലായ് 26-നുമിടയിൽ 82 കേസുകളാണ് കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത്. ഒഡിഷയിലും 26 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കേന്ദ്രം ജാഗ്രതാ നിർദേശം പുറത്തിറക്കിയത്. ഒരുവയസ്സിനും പത്തുവയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന തക്കാളിപ്പനിക്ക് സാർസ് കോവ്-2 വൈറസ്, മങ്കിപോക്സ്, ഡെങ്കി, ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രം പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് വൈറൽ രോഗങ്ങളിൽ കാണപ്പെടുന്ന പനി, ക്ഷീണം, ശരീരവേദന, ചർമത്തിലെ പാടുകൾ തുടങ്ങിയവ കാണപ്പെടാം. ശരീരശുചിത്വവും വൃത്തിയുമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗമെന്നും വ്യക്തമാക്കുന്നുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ മറ്റുള്ളവരിൽ പടരാതിരിക്കാൻ അഞ്ചുമുതൽ ഏഴുദിവസത്തോളം ഐസൊലേഷനിലിരിക്കാനും നിർദേശമുണ്ട്. കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്. പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്.
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.