ചെന്നൈ: തക്കാളി വില കുതിക്കുന്നതിനിടെ റേഷന്‍ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. സഹകരണ മന്ത്രി കെ ആര്‍ പെരിയക്കുറുപ്പന്‍ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. നാളെ ചെന്നൈ നഗരത്തിലെ 82 റേഷന്‍ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ റേഷന്‍ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതല്‍ ചെന്നൈ നഗരത്തിലാകെയുള്ള 82 പൊതുവിതരണ കേന്ദ്രങ്ങളിലും കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി വില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തില്‍ വിതരണം ചെയ്യുകയെന്നും മന്ത്രി പെരിയകറുപ്പന്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഒരു പ്രത്യേക സീസണുകളില്‍ തക്കാളിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തുന്നതിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിവരിച്ചു. തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.