ബംഗളൂരു: തക്കാളിക്ക് ഇതുവരെ ഇല്ലാത്ത രീതിയില്‍ വില കുതിച്ചുയര്‍ന്നതോടെ മോഷണവും പതിവാകുന്നു. കര്‍ണാടകത്തിലെ ഹാസനില്‍ സോമനഹള്ളി ഗ്രാമത്തിലെ കൃഷിയിടത്തില്‍ നിന്ന് കഴിഞ്ഞദിവസം രണ്ടരലക്ഷം രൂപയുടെ തക്കാളിയാണ് കള്ളന്മാര്‍ അടിച്ചുമാറ്റിയത്. വില്‍പ്പനയ്ക്കായി ചാക്കില്‍ നിറച്ചുവച്ചിരുന്നു തക്കാളി അപ്പാടെ മോഷ്ടാക്കള്‍ കൊണ്ടുപോവുകയായിരുന്നു. മോഷണം നടത്തിയതിനൊപ്പം കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കള്ളന്മാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആള്‍ക്കാരെ നിയോഗിച്ചിരുന്നെങ്കിലും അവരുടെ കണ്ണുതെറ്റിയ സമയത്തായിരുന്നു മോഷണം നടന്നത്. വന്‍ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. നേരത്തേ ബീന്‍സാണ് ഇവര്‍ കൃഷിചെയ്തിരുന്നത്. അതില്‍ വന്‍ നഷ്ടം വന്നതോടെയാണ് തക്കാളികൃഷിയിലേക്ക് തിരിഞ്ഞത്. ഇത്തവണ മികച്ച ലാഭം കിട്ടുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് കള്ളന്മാര്‍ എല്ലാം തകര്‍ത്തത്.
പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓരോദിവസവും തക്കാളിയുടെ വില കുതിച്ചുകയറുകയാണ്. ചില്ലറ വിപണിയില്‍ പലയിടത്തും ഒരുകിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് വില. മൊത്തവിപണിയില്‍ 120 രൂപയുമുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളാണ് രാജ്യത്ത് തക്കാളി കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്. കനത്ത മഴ കാരണം ആന്ധ്രയില്‍ ഇത്തവണ തക്കാളികൃഷി വന്‍തോതില്‍ നശിച്ചിരുന്നു. ഇതോടെ ആവശ്യക്കാര്‍ കര്‍ണാടകയിലേക്ക് ഒഴുകി. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ കര്‍ഷകരില്‍ നിന്ന് തക്കാളി ശേഖരിച്ച് മൊത്തവ്യാപാരികള്‍ക്ക് നല്‍കുന്ന ഇടനിലക്കാര്‍ വില വന്‍തോതില്‍ കൂട്ടുകയായിരുന്നു. വിലക്കയറ്റം പിടിച്ചുനിറുത്താനായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് തക്കാളി വിലകുറച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.