ബംഗളൂരു : ബംഗളൂരുവില്‍ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി ദമ്പതികള്‍ രാജ്യം വിട്ടു. ആലപ്പുഴ സ്വദേശി ടോമി എ.വര്‍ഗീസും ഭാര്യ സിനിയും വ്യാഴാഴ്ച മുംബൈയില്‍ നിന്നും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കാണ് മുങ്ങിയത്. ഇവര്‍ക്കെതിരെ ബെംഗളുരു പോലീസിന് 430 പേരാണ് പരാതി നല്‍കിയത്. ആര്‍.കെ.പുരത്തിന് അടുത്ത് ഭട്ടാരഹളളിയില്‍ 1615 ചതുരശ്ര അടി വലിപ്പമുള്ള പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത ത്രീ ബെഡ് റൂം ഫ്‌ളാറ്റ് 1.1 കോടിക്ക് വാങ്ങിയ ദമ്പതികള്‍ ഒരുകോടിയിലും താഴെ വിലയ്ക്ക് വിറ്റാണ് രാജ്യം വിട്ടത്. ഇവരുടെ കാറുകളും വിറ്റിരുന്നു. പോലീസിന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങള്‍ പ്രകാരം ജൂലൈ മൂന്നിന് ഇരുവരും സ്യൂട്ട്‌കെയ്‌സുകളുമായി വീട് വിടുന്നത് കാണാം. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഫണ്ടും പിന്‍വലിച്ചു.
ഇടവക പള്ളിയുമായും മലയാളി സംഘടനകളുമായുള്ള അടുപ്പത്തിന്റെ മറവില്‍ ആയിരത്തിലധികം പേരെ പറ്റിച്ചാണ് ദമ്പതികള്‍ രാജ്യം വിട്ടത്. രാമമൂര്‍ത്തി നഗറിലെ എ.ആന്‍ഡ് എ ചിട്ടീസില്‍ ചൊവ്വാഴ്ച വരെ ഉടമകളെത്തിയിരുന്നു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് രാജ്യം വിട്ടെന്ന് മനസ്സിലായത്. ദമ്പതികളുടെ മകള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്. മക്കളില്‍ ഒരാള്‍ ഗോവയിലും മറ്റൊരാള്‍ കാനഡയിലുമാണ്. ചില നിക്ഷേപകര്‍ ബന്ധപ്പെട്ടതോടെ ടൊറന്റോയിലുള്ള മകനും മുങ്ങി. മകളെയും വിളിച്ചിട്ട് കിട്ടുന്നില്ല. നിക്ഷേപകര്‍ വാട്‌സാപ്പില്‍ ഗ്രൂപ്പുണ്ടാക്കി ആശയവിനിമയം ചെയ്യുകയും പരാതികള്‍ പിന്തുടരുകയും ചെയ്യുന്നു. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും നികത്താന്‍ ആയെങ്കില്‍ എന്നാണ് അവര്‍ ആശിക്കുന്നത്. മതചടങ്ങുകളിലും പള്ളി ഉത്സവങ്ങളിലും എല്ലാം സജീവമായി പങ്കെടുക്കുരയും പല പരിപാടികളും കമ്പനി വഴി സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്ത ടോമിയും ഷിനിയും പതിയെ പതിയെ സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലും ഒരു ദേവാലയ ഉത്സവം ഇവര്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി ബംഗളൂരുവില്‍ കഴിയുന്ന ടോമിയും ഷിനിയും നിക്ഷേപത്തിന് 15 മുതല്‍ 20 ശതമാനം വരെ വലിയ ലാഭമാണ് ചിട്ടിയിലൂടെ ഇരുവരും വാഗ്ദാനം ചെയ്തത്. തുടക്കത്തില്‍ കൃത്യമായ ലാഭം നല്‍കിയിരുന്നതായി ഇരകളായ നിക്ഷേപകര്‍ പറഞ്ഞു. രാമമൂര്‍ത്തി നഗറിലായിരുന്നു ഓഫീസ്. രണ്ടുപതിറ്റാണ്ടായി നേടിയെടുത്ത നിക്ഷേപകരുടെ വിശ്വാസവും പണവും വെളളത്തിലാക്കി കൊണ്ടാണ് ഇരുവരും പെട്ടെന്നൊരു ദിവസം മുങ്ങിയത്. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ പി ടി സാവിയോ (64) നല്‍കിയ പരാതിയില്‍ തന്റെ പക്കല്‍ നിന്ന് 70 ലക്ഷം രൂപ ദമ്പതികള്‍ തട്ടിയെടുത്തതായി പറയുന്നു. ഇവരുടെ ചിട്ടി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലും ദമ്പതികളുടെ വ്യക്തിഗത അക്കൗണ്ടുകളിലുമാണ് മിക്കവരും പണം നിക്ഷേപിച്ചത്. എന്റെയും കുടുംബത്തിന്റെയും കയ്യില്‍ നിന്ന് 70 ലക്ഷം തട്ടിയെടുത്തു. അതുപോലെ പലരില്‍ നിന്നായി കോടികളും. കമ്പനിയുടെ ഓഫീസില്‍ പോയപ്പോള്‍ പൂട്ടി കിടക്കുകയായിരുന്നു. ഇരുവരെയും കാണാനില്ലായിരുന്നു. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു’- സാവിയോയുടെ പരാതിയില്‍ പറയുന്നു.