റാന്നി: വീണ്ടും ഒരു ജൂലൈ 29 കൂടിയെത്തുമ്പോള്‍ റാന്നിക്കാരുടെ മനസ്സ് അറിയാതെ ഞെട്ടും. റാന്നിക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസമാണിത്. റാന്നിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിച്ചിരുന്ന പ്രധാന കണ്ണിയായ റാന്നി പാലം തകര്‍ന്നിട്ട് നാളെ ഇരുപത്തിയാറു വര്‍ഷം തികയുന്നു. 1996 ജൂലെ 29ന്
വൈകീട്ട് 3.50നായിരുന്നു റാന്നിയെ ഞെട്ടിച്ച ആ ദുരന്തമുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന് ശേഷം റാന്നിക്കാര്‍ക്ക് പിന്നീട് അനുഭവിക്കാനായത് പുത്തന്‍ അനുഭവങ്ങളാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഉപാസനക്കടവിനേയും മുണ്ടപ്പുഴ ബോട്ട് ജെട്ടി കടവിനേയും ബന്ധിപ്പിച്ച് വള്ളക്കടത്ത് വന്നു. പിന്നീട് വള്ളം അപകടത്തില്‍ പെട്ട് ഒരു മരണമുണ്ടായി. അതിനുശേഷം ജങ്കാര്‍ സര്‍വീസും ബോട്ട് സര്‍വീസും വന്നു. പട്ടാളത്തിന്‍റെ ബെയ്ലി പാലം നിര്‍മാണവും തുടര്‍ന്നു അതിലൂടെയായി ചെറിയ വാഹനങ്ങളുടെ ഗതാഗതം. പിന്നീട് പുതിയ പാലത്തിന്റെ നിര്‍മാണം. അത് യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാവുകയായിരുന്നു. റാന്നിയില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്തുകൊണ്ടുള്ള ഉദ്ഘാടനമായിരുന്നു പിന്നീടത്തേത്. ഇങ്ങനെയെല്ലാം റാന്നിക്കാര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു പാലം തകര്‍ന്നതോടെ ഉണ്ടായത്.
1996 ജൂലൈ 29ന് നല്ല മഴയായതിനാല്‍ പമ്പാനദിയിലെ വെളളം കലങ്ങി ഇരുകര മുട്ടിക്കിടന്നിരുന്നു. പകല്‍ 3.50ഓടെ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കം നിറയെ ആളെയും കൊണ്ട് തിരുവല്ലക്കുള്ള സ്വകാര്യ ബസ് പാലം കടന്ന് മറുകരയ്ക്കെത്തിയ പാടേ അതിഭീകരമായ ശബ്ദത്തോടെ റാന്നി പാലത്തിന്റെ മധ്യഭാഗം പമ്പാനദിയില്‍ പതിച്ചു. ഈ സമയം പെരുമ്പുഴ ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറിയ കാറും സ്കൂട്ടറും പെട്ടെന്ന് പിന്നിലേക്കെടുത്ത് രക്ഷപ്പെട്ടു. പാലത്തോടൊപ്പം ബസും നദിയില്‍ വീണുവെന്ന തെറ്റിദ്ധാരണ ആദ്യം ആശങ്ക പരത്തിയെങ്കിലും പിന്നീട് സത്യാവസ്ഥ മനസിലാക്കിയപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. എപ്പോഴും തിരക്കുള്ള റാന്നി പാലത്തില്‍ അപകടസമയത്ത് വാഹനങ്ങളൊന്നും ഇല്ലാതിരുന്നത് ഏവര്‍ക്കും അത്ഭുതമായി. അടിത്തറയിലെ ബലക്ഷയം കാരണം പാലത്തിന്റെ മധ്യഭാഗത്തെ തൂണ്‍ താഴ്ന്നു പോയതാണ് പാലം തകരാന്‍ കാരണമായത്.
അടുപ്പുകല്ല് കൂട്ടിയതുപോലെ മൂന്ന് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് റാന്നി താലൂക്ക് ആസ്ഥാനം. പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളെ റാന്നി പഞ്ചായത്തുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി റാന്നി പാലമായിരുന്നു. പാലം പോയതോടെ റാന്നി രണ്ടായി വിഭജിക്കപ്പെട്ടു. വാഹനത്തില്‍ പമ്പാ നദിക്കു മറുകരയെത്തണമെങ്കില്‍ പത്തു കിലോമീറ്ററോളം അകലെയുള്ള ചെറുകോല്‍പ്പുഴയിലോ അത്തിക്കയത്തോ ഉള്ള പാലങ്ങളെ ആശ്രയിക്കണം എന്ന സ്ഥിതിയായി. പുനലൂര്‍ മൂവാറ്റുപുഴ റോഡിലൂടെയുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകളെല്ലാം തകിടം മറിഞ്ഞു. പത്തനംതിട്ട ഭാഗത്തുനിന്നുളള ബസുകള്‍ റാന്നി പഞ്ചായത്തിലെ പെരുമ്പുഴ സ്റ്റാന്‍ഡിലും എരുമേലി കോട്ടയം ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ ഇട്ടിയപ്പാറ സ്റ്റാന്‍ഡിലും എത്തി സര്‍വീസ് നിര്‍ത്തി. ഇതിനിടയിലുള്ള യാത്രക്കാര്‍ വള്ളത്തിലും കാല്‍നടയുമായി പോകേണ്ടി വന്നു. കടത്തുവള്ളം ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ച ദുരന്തവും ഇതിനിടയുണ്ടായി. തുടര്‍ന്ന് അപകടം ഒഴിവാക്കാനായി ചെറുവള്ളങ്ങള്‍ ഒഴിവാക്കി രണ്ട് വലിയ വള്ളങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പലകയടിച്ച് വലിയ ജങ്കാര്‍ സര്‍വീസും പിന്നീട് ബോട്ട് സര്‍വീസും ഉപാസനക്കടവില്‍ വന്നു.
അന്ന് ശബരിമലയ്ക്കുള്ള പ്രധാനപാത റാന്നിയിലൂടെയായതിനാല്‍ തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള അടിയന്തര നടപടി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നു. ഇതോടെ പാലം പണിയോടൊപ്പം ശബരിമല തീര്‍ത്ഥാടകര്‍ക്കായി അനുബന്ധ റോഡുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനായി നീക്കം. കരിങ്കല്ലുംമൂഴി-കണമല-പ്ലാപ്പള്ളി റോഡും മുക്കട–ഇടമണ്‍-ഇടമുറി–അത്തിക്കയം വഴി പെരുനാട്ടിലെത്തുന്ന റോഡുമെല്ലാം വികസിപ്പിച്ച് അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ ഇതുവഴി തിരിച്ചു വിട്ടു. ദീര്‍ഘദൂര ബസുകള്‍ അത്തിക്കയത്തുകൂടെയും ചെറുകോല്‍പ്പുഴ വഴിയും റാന്നിയിലെത്താന്‍ തുടങ്ങിയതോടെ ഏതാണ്ട് 20 കിലോമീറ്ററോളം അധികം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായി.
അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും റാന്നി എംഎല്‍എ രാജു എബ്രഹാമും ന്യൂഡല്‍ഹിയില്‍ എത്തി കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് പട്ടാളത്തെക്കൊണ്ട് അടിയന്തരമായി ബെയ്ലി പാലം എന്ന ആശയത്തിന് അനുമതി വാങ്ങിയത്. പട്ടാളത്തെക്കൊണ്ട് നദിയില്‍ പൊങ്ങിക്കിടക്കുന്ന പാലം പെട്ടെന്ന് നിര്‍മിക്കാന്‍ പരിശോധന നടത്തിയെങ്കിലും നദിയില്‍ അടിയ്ക്കടിയുണ്ടാവുന്ന വെള്ളത്തിന്റെ അളവിലുള്ള വ്യത്യാസം ഇത് അസാധ്യമാക്കി. തുടര്‍ന്നാണ് പഴയ പാലത്തിന്റെ തകര്‍ന്ന ഭാഗം മുറിച്ചുമാറ്റി ഇവിടെ ബെയ്ലി പാലം നിര്‍മിക്കാന്‍ തീരുമാനമായത്. പട്ടാള സംഘം എത്തി നാല് ദിവസം കൊണ്ട് ബെയ്ലി പാലം നിര്‍മിച്ചത് ഇന്നും നാട്ടുകാരുടെ മനസില്‍ മായാതെ കിടക്കുന്നു.
ബെയ്ലി പാലം പൂര്‍ത്തിയായതോടെ ഇരു ചക്രവാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കും ഇതിലെ മറു കരയ്ക്ക് പോകാനായത് റാന്നിയിലെ അനിശ്ചിതാവസ്ഥയ്ക്ക് ഒരളവ് വരെ ആശ്വാസമായി. ഇതോടെ ഇതുവഴി സര്‍വീസ് ആരംഭിച്ച പത്തുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഐത്തല സ്വദേശി തേക്കാട്ടില്‍ ബെന്നിച്ചന്റെ അക്കരെയക്കരെ എന്ന വലിയ പാസഞ്ചര്‍ ഓട്ടോ പെരുമ്പുഴയില്‍ നിന്നും ഇട്ടിയപ്പാറയിലെത്താന്‍ ബസ് യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ആശ്വാസമായി.തുടര്‍ന്ന് പുതിയ പാലത്തിന്റെ പണി ടെന്‍ഡര്‍ ചെയ്യുകയും എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭഗീരഥ കമ്പനി നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു.
യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിച്ച പാലം നിര്‍മാണം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായി. 1998ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ പാലം നാട്ടുകാര്‍ക്കായി തുറന്നു കൊടുത്തത് ചരിത്ര നിമിഷമായിരുന്നു. രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് റാന്നിയില്‍ നടന്ന ഉദ്ഘാടന ചടങ്ങിലെത്തിയത്. ഇത്രയും ആളുകള്‍ പങ്കെടുത്ത ഒരു യോഗം അതിനു മുമ്പോ പിന്നീടോ റാന്നിയില്‍ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. പഴയകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി തകര്‍ന്ന പാലത്തിന്റെ ബാക്കിഭാഗം ഇന്നും പുതിയ പാലത്തോട് ചേര്‍ന്നു നില്‍ക്കുന്നു.
പാലം തകര്‍ന്നതോടെ തകര്‍ന്ന് പോയത് ദീര്‍ഘദൂര ബസ്സുകളുടെ ഓട്ടം ആയിരുന്നു.ഇവയില്‍ ചിലത് നിന്നു പോയി.മറ്റ് ചിലത് ഗ്രാമീണ മേഖലകളിലേക്ക് പെര്‍മ്മിറ്റുകള്‍ ചെയ്ഞ്ച് ചെയ്തു.ഇതോടെ ഒറ്റപ്പെട്ടു കിടന്ന ചില പ്രദേശങ്ങളില്‍ യാത്രക്ലേശം ഇല്ലാതായി.റാന്നിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെയുള്ള റോഡുകളുടെ സ്ഥിതികള്‍ക്കും പാലത്തിന്‍റെ തകര്‍ച്ചയോടെ മാറ്റം വന്നു. പഴയ ദുരന്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുമായി റാന്നിയില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ തല കുനിച്ച് പഴയം പാലം ഇന്നും നില്‍ക്കുന്നു.ഇതിനോടു ചേര്‍ന്ന് പെരുമ്പുഴ അങ്ങാടി കടവുകളെ ബന്ധിപ്പിച്ച് പുതിയതായി മറ്റൊരു പാലവും നിര്‍മ്മാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുത്തു നല്‍കാത്തതിനാല്‍ നിര്‍മ്മാണം ഇപ്പോള്‍ മുടങ്ങിയ നിലയിലാണ്.