പന്തളം : കഴിഞ്ഞ 6 വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലുമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ പതിനെട്ടാം ദിവസത്തെ പര്യടനം പന്തളം ബ്ലോക്കിലെ കീരുകുഴിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയും, പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില അടിക്കടി വര്‍ദ്ധിപ്പിച്ചും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിലൂടെ നൂറ്റാണ്ടുകളായി നിലനിന്ന മതേതരത്വത്തിന് അന്ത്യം കുറിക്കുവാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരും ബജറ്റില്‍ എല്ലാരംഗത്തും നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ടോമി കല്ലാനി പറഞ്ഞു. മോഡിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ ആണെന്നും ഇവരുടെ ദുര്‍ഭരണത്തിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് രഘു പെരുംപുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ബിജു ഫിലിപ്പ്, ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്‍, ബി. നരേന്ദ്രനാഥ്, ഡി.എന്‍ ത്രിദീപ്, ഏഴകുളം അജു, ഹരികുമാര്‍ പൂതങ്കര, എസ്. ബിനു, പന്തളം പ്രതാപന്‍, പഴകുളം ശിവദാസന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോണ്‍, തട്ടയില്‍ ഹരികുമാര്‍, മണ്ഡലം പ്രസിഡന്‍റുമാരായ നൗഷാദ് റാവുത്തര്‍, വിജയകുമാര്‍, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊടുമണ്ണില്‍ നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സുരേഷ് കുമാര്‍ അദ്ധ്യക്ഷതി വഹിച്ചു.
ഫെബ്രുവരി 13 രാവിലെ 9 മണിക്ക് പന്തളം ബ്ലോക്കിലെ തുമ്പമണ്ണില്‍ നിന്നും ആരംഭിച്ച് വൈകിട്ട് 7 മണിക്ക് പന്തളം ടൗണില്‍ സമാപിക്കും.