ആലപ്പുഴ : ഇഷ്ടവിഷയം പഠിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ആലപ്പുഴ കടലില്‍ ചാടിയ വിദ്യാര്‍ഥിയെ പോലീസ് രക്ഷിച്ചു. ടൂറിസം പോലീസിന്റെ സമയോചിത ഇടപെടലിലാണ് ജീവന്തിരിച്ചുകിട്ടിയത്. ബുധനാഴ്ച ഉച്ചക്ക് 2.30 ന് ആലപ്പുഴ ബീച്ചിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശിയായ 19 കാരന് ഉച്ചയോടെ ബീച്ചിലെത്തിയശേഷം കടലില്‍ ചാടി ആത്മഹത്യചെയ്യുമെന്ന് മാതാവിന് ഫോണ്‍സന്ദേശം അയച്ചു. തുടര്‍ന്ന് എഴുതിയ കത്തും മൊബൈല്‍ ഫോണും കടപ്പുറത്തുവെച്ചശേഷം മുന്നോട്ട് നടന്നുപോകുന്നത് ബീച്ചിലെ സന്ദര്‍ശകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ ടൂറിസം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് കടലിലിറങ്ങിയ വിദ്യാര്‍ഥിയെ അനുനയിപ്പിച്ച് ഒപ്പംകൂട്ടി.
ടൂറിസം എസ്.ഐ പി.ജയറാം, പോലീസുകാരായ സീമ, മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മനസ്സ് തുറന്നത്. എന്‍ട്രന്‍സ് എഴുതിയശേഷം എന്‍ജിനീയറിങ് പഠിക്കണമെന്നതായിരുന്നു വിദ്യാര്‍ഥിയുടെ ആഗ്രഹം. ഇതിന് സമ്മതിക്കാതിരുന്ന വീട്ടുകാര്‍ ഡിഗ്രിക്ക് ചേര്‍ന്നാല്‍ മതിയെന്ന് നിര്‍ബന്ധിച്ചു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ആലപ്പുഴ ബീച്ചിലെത്തിയത്. പിന്നീട് രക്ഷിതാക്കളെ അറിയിച്ച് കൗണ്‍സലിങ് നടത്താമെന്ന ഉറപ്പില്‍ വിട്ടയച്ചു.