ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണം. മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വിസ ലഭിച്ചിട്ടും ഇതുവരെ രാജ്യത്ത് പ്രവേശിച്ചിട്ടില്ലാത്തവരുടെയും വിസയും റദ്ദാക്കി. ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ പരിമിതപ്പെടുത്തുകയും ചെയ്തു.
മാര്‍ച്ച് മൂന്നിനോ അതിന് മുമ്പോ വിസകളും ഇ-വിസകളും അനുവദിച്ചു കിട്ടുകയും എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ പ്രവേശിക്കാതിരിക്കുകയും ചെയ്ത ഇറ്റലി, ഇറാന്‍ എന്നീ രാജ്യക്കാരുടെ വിസകളും ജപ്പാന്‍, സൗത്ത് കൊറിയ പൗരന്‍മാര്‍ക്ക് അനുവദിച്ച ഓണ്‍ അറൈവല്‍ വിസകളും താത്ക്കാലികമായി റദ്ദാക്കി. ഫെബ്രുവരി അഞ്ചിനോ അതിനുമുമ്പോ വിസ ലഭിച്ച ചൈനയില്‍ നിന്നുള്ളവര്‍ക്കും സമാന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നിവിടങ്ങളിലേക്ക് യാത്രചെയ്ത വിദേശ പൗരന്മാര്‍ക്ക് ഫെബ്രുവരി ഒന്നിനോ അതിനുമുമ്പോ ഇന്ത്യ അനുവദിച്ച വിസയും ഇ-വിസയും താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്.