ഉത്സവ സീസണ്‍ ആകുന്നതോടെ വാഹന നിര്‍മാതാക്കള്‍ പുതിയ വാഹനങ്ങള്‍ നിരത്തിലെത്തിക്കുക പതിവാണ്. ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളാണ് ടൊയോട്ട. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള 7 സീറ്റര്‍ കാറുകള്‍ ടൊയോട്ടയുടേതാണ്. ഉടന്‍ തന്നെ രണ്ട് പുതിയ 7 സീറ്റര്‍ കാറുകള്‍ കൂടി ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നതായാണ് വിവരം. ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, റൂമിയോണ്‍ എന്നീ 7 സീറ്റര്‍ കാറുകള്‍ ഇതിനോടകം ടൊയോട്ട വില്‍പ്പനക്കെത്തിയിട്ടുണ്ട്. ഇവയോടൊപ്പം ടൊയോട്ട ഉടന്‍ തന്നെ പുതിയ രണ്ട് ഫാമിലി കാറുകള്‍ കൂടി കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. സൗകര്യപ്രദമായ സീറ്റിംഗ് സൗകര്യമുള്ള ഒരു വിശാലമായ എസ്‌യുവിയോ നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രീമിയം എസ്‌യുവിയോ നോക്കുന്ന ആളുകള്‍ക്കാണ് സന്തോഷ വാര്‍ത്ത. അകത്തളം വിശാലമായ ഫീച്ചര്‍ പായ്ക്ക് ചെയ്ത എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനാണ് ടൊയോട്ടയുടെ ശ്രമം.
ടൊയോട്ട കൊറോള ക്രോസ് 7-സീറ്റര്‍ എസ്‌യുവി: ടൊയോട്ടയുടെ പ്രശസ്തമായ കാര്‍ മോഡലുകളിലൊന്നാണ് കൊറോള. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നും കൂടിയാണ് കൊറോള. ടൊയോട്ട കൊറോള എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പ് ഉടന്‍ തന്നെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. TNGA-C പ്ലാറ്റ്ഫോമിലാണ് ഈ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്നോവ ഹൈക്രോസ് കാര്‍ മോഡലില്‍ കാണാവുന്ന ചില ഫീച്ചറുകളും ഘടകങ്ങളും ഈ കാറില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരു എഞ്ചിന്‍ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഈ കാറിനും ഉയര്‍ന്ന മൈലേജ് ലഭിക്കും. അതുകൊണ്ട് തന്നെ ഈ കാറിന് ഹൈക്രോസിനെ പോലെ ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഹൈക്രോസിന്റെ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഈ കാറിന്റെ നിര്‍മാണച്ചെലവ് ചുരുക്കാനും സഹായിക്കും. അന്താരാഷ്ട്ര വിപണിയിലുള്ള 5 സീറ്റര്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സ്‌പെക്കിന് 150 mm വലിപ്പം കൂടുതലായിരിക്കും. മൂന്നാം നിര സീറ്റ് ഉള്‍ക്കൊള്ളിക്കാനായി കാര്‍ വിപുലീകരിക്കും. 2.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനൊപ്പം ടൊയോട്ടയുടെ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായിരിക്കും ഓഫറിലുണ്ടാകുക. ഇത് ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി അല്‍കാസര്‍, മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുമായി മത്സരിക്കും.
അടുത്ത തലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍: ഇന്ത്യയിലെ ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമടക്കം ഈ എസ്‌യുവിയുടെ ഫാന്‍സാണ്. ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ അടുത്ത തലമുറ പതിപ്പായിരിക്കും ഇന്ത്യയിലെത്താന്‍ പോകുന്ന ടൊയോട്ടയുടെ രണ്ടാമത്തെ 7 സീറ്റര്‍ കാര്‍. മെക്കാനിക്കല്‍ മാറ്റങ്ങളോടൊപ്പം ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും വലിയ പരിഷ്‌കാരങ്ങളോടെയാണ് അടുത്ത തലമുറ ഫോര്‍ച്യൂണര്‍ വിപണിയില്‍ എത്താന്‍ പോകുന്നത്. ഡിസൈന്‍, ഫീച്ചര്‍, പെര്‍ഫോമന്‍സ് എന്നിവയുടെ കാര്യത്തില്‍ മുന്‍ഗാമിയെ ഇത് കവച്ച്‌വെക്കും. വലിയ ഗ്രില്‍, ഓള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, L ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഉണ്ടായിരിക്കുമെന്നാണ് വിവരം. ടെയോട്ട ലാന്‍ഡ് ക്രൂയിസറില്‍ നിന്നാണ് ഇവയുടെ പ്രചോദനം. കമ്പനിയുടെ TNGA-F പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിക്കുന്ന എസ്‌യുവിയുടെ ഏറ്റവും വലിയ സവിശേഷതയാകാന്‍ പോകുന്നത് അതിലെ ആധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ സാന്നിധ്യമായിരിക്കും. 2.8 ലിറ്റര്‍ ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ ആയിരിക്കും ഇതിന് തുടിപ്പേകുക.