ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ്. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, കാമ്രി, വെല്‍ഫെയര്‍ എന്നിങ്ങനെ ഒരുപിടി മികച്ച വാഹനങ്ങളാണ് ഇന്ത്യയില്‍ ടൊയോട്ടയുടെ ലൈനപ്പിലുള്ളത്. 2023 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഹൈറൈഡര്‍, ഹൈക്രോസ് എന്നീ ജനപ്രിയ മോഡലുകളുടെ മികവില്‍ ടൊയോട്ട 18.75 ശതമാനം വളര്‍ച്ച നേടി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2023 ജൂണില്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉള്‍പ്പെടെ 19,608 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 16,512 യൂണിറ്റുകളാണ് ടൊയോട്ട വിറ്റത്. എന്നാല്‍ മുന്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായി. 2023 മെയ് മാസത്തില്‍ ടൊയോട്ട 20,000 യൂണിറ്റിലധികം വില്‍പ്പന നടത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇന്ത്യയിലുടനീളം മൊത്തം 18,237 യൂണിറ്റുകള്‍ വിതരണം ചെയ്തതായി കാര്‍ നിര്‍മ്മാതാക്കള്‍ ശനിയാഴ്ച പുറത്തുവിട്ട സെയില്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം കയറ്റുമതി 1,371 യൂണിറ്റായി ഉയര്‍ന്നിട്ടുമുണ്ട്. ടൊയോട്ടയുടെ ഏറ്റവും പുതിയ രണ്ട് മുന്‍നിര മോഡലുകളായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ മിഡ്‌സൈസ് എസ്‌യുവിയുടെയും ഇന്നോവ ഹൈക്രോസ് എംപിവിയുടെയും വില്‍പ്പനയാണ് തുണയായത്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ടൊയോട്ടയുടെ വില്‍പ്പന 36.46 ശതമാനം മെച്ചപ്പെട്ട് 1.02 ലക്ഷം യൂണിറ്റായി. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 75,017 യൂണിറ്റായിരുന്നു വില്‍പ്പന. 27,354 യൂണിറ്റാണ് അധികം വിറ്റത്. പ്രതിമാസ വില്‍പ്പനക്കൊപ്പം 2023 രണ്ടാം പാദത്തില്‍ ടൊയോട്ട 32.80 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. ഇക്കാലയളവില്‍ 55,528 യൂണിറ്റാണ് ടൊയോട്ട വിറ്റത്.