കൊച്ചി : ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹെെക്കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കാണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 12പേരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി അടക്കം ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികൾ, എട്ടാം പ്രതി കെ സി രാമചന്ദ്രൻ പതിനൊന്നാം പ്രതി ട്രൗസർ മനോജൻ, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നിവർക്കൊപ്പം പുതിയതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടുപേരെയും ഹാജരാക്കും.
പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ കെ കൃഷ്ണൻ, കണ്ണൂർ കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവരെയാണ് വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹെെക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞാഴ്ച കീഴടങ്ങിയിരുന്നു. ഇവരുടെ ശിക്ഷയിലും കോടതി ഇന്ന് വാദം കേൾക്കും. രാവിലെ 10.15നാണ് കോടതി വാദം കേൾക്കുക.