തിരുവനന്തപുരം : എന്‍സിപി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. മന്ത്രി എ കെ ശശീന്ദ്രന്‍ എലത്തൂരില്‍ തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസും കോട്ടയ്ക്കലില്‍ എന്‍ എ മുഹമ്മദ് കുട്ടിയും സ്ഥാനാര്‍ത്ഥിയാകും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും പ്രഫുല്‍ പട്ടേലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പി സി ചാക്കോയെ ടി പി പീതാംബരന്‍ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്തു. ശരദ് പവാറിന്റെ നിര്‍ദേശ പ്രകാരമാണ് പി സി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്തതെന്നും ടി പി പീതാംബരന്‍ വ്യക്തമാക്കി. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി വേറെ ഇല്ല.
പി സി ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ 17ന് നോമിനേഷന്‍ സമര്‍പ്പിക്കും. യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്. ഒരു സീറ്റ് കൂടി കിട്ടിയിരുന്നെങ്കില്‍ പരിഗണിക്കാമായിരുന്നുവെന്നും പീതാംബരന്‍ പറഞ്ഞു. ശശീന്ദ്രന് പകരം വേറെ ആളെ ഇപ്പോള്‍ പരീക്ഷിക്കുന്നത് ഗുണകരം ആകില്ല എന്നാണ് വിലയിരുത്തല്‍. പാലായില്‍ ശക്തമായ മത്സരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.