ഇടുക്കി : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കട്ടപ്പനയില്‍ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടപ്പന മുനിസിപ്പാലിറ്റി സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്താണ് എംപ്ലോയബിലിറ്റി സെന്ററും എക്‌സ്‌ചേഞ്ച് കെട്ടിടവും നിര്‍മ്മിക്കുന്നത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് ഇടുക്കി ജില്ലയിലും എംപ്ലോയബിലിറ്റി സെന്റര്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴില്‍ദായക കേന്ദ്രം എന്നതിന് എന്നതിനൊപ്പം തൊഴില്‍ നൈപുണ്യ കേന്ദ്രമെന്നതു കൂടിയായി മാറുന്നു. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കി അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന ദൗത്യം കൂടി എംപ്ലോയ്‌മെന്റ് വകുപ്പ് നിര്‍വഹിച്ചു വരികയാണ്.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലും എംപ്ലോയബിലിറ്റി സെന്ററുകള്‍ ആരംഭിക്കും. രണ്ടുലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ആണ് ഇതുവരെ എംപ്ലോയബിലിറ്റി സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .
ഇവരില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ അഭിരുചി, നൈപുണ്യ ശേഷിയിലുള്ള പോരായ്മ എന്നിവ പരിഹരിക്കും. ഇവ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അംഗീകൃത പരിശീലന കേന്ദ്രം എന്നതിലുപരി ആവശ്യമുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം ലഭ്യമാക്കി വരികയാണ് .
എംപ്ലോയബിലിറ്റി സെന്ററുകള്‍ മുഖേന ഇതുവരെ 1776 തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു .ഈ മേളകള്‍ വഴി 59000 പേര്‍ക്ക് സ്വകാര്യ മേഖലകളില്‍ ജോബ് ഓഫര്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. പഠനത്തിനും തൊഴിലുകള്‍ നേടിയെടുക്കുന്നത് സംബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളുടെ പ്രധാന ചുമതല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 5 1777 പേര്‍ക്കാണ് നിയമനം ലഭിച്ചത് . എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 24148 പേര്‍ക്ക് കൈവല്യ, ശരണ്യ തുടങ്ങിയ വിവിധ പദ്ധതികള്‍ വഴി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം അനുവദിക്കുകയും ചെയ്തു .
പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50 നും 65 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കായി നവജീവന്‍ എന്ന നൂതന പദ്ധതി നടപ്പിലാക്കി. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അമ്പതിനായിരം രൂപ വരെ വായ്പ ലഭ്യമാക്കി. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ സേവനം സമൂഹത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും നവജീവന്‍ പദ്ധതിക്കുണ്ട്. ഓരോ വ്യക്തിക്കും കരിയര്‍ സംബന്ധമായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും തൊഴില്‍ മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നൈപുണ്യ പരിശീലനവും ലഭിക്കണം. ഇതുവഴി മാത്രമേ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളു. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ ജില്ലകളില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
കോഴിക്കോട്, പാലക്കാട് തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിച്ചു. ഇതുകൂടാതെ ഒരു മോഡല്‍ കരിയര്‍ സെന്റര്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നത്. ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവസരമൊരുക്കുകയാണ് എംപ്ലേയബിലിറ്റി സെന്റര്‍ സ്ഥാപിക്കുക വഴി ലക്ഷ്യമിടുന്നത്. ഇതു പ്രയോജനപ്പെടുത്താന്‍ ജില്ലയിലെ യുവതീയുവാക്കള്‍ക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു.