റാന്നി : ഇട്ടിയപ്പാറ വൺവേയിലെ എം.എൽ.എ.പടിയിൽ പതിവായിരിക്കുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് കോണുകൾ (ഡിവൈഡർ) സ്ഥാപിച്ച് പോലീസിന്റെ പരീക്ഷണം. ഇരുവശത്തേക്കും വാഹനങ്ങൾ പോകത്തക്കവിധമാണ് 25 മീറ്ററോളം ദൂരത്തിൽ കോണുകൾ വെച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെയുണ്ടായ ഗതാഗതക്കുരുക്ക് സംസ്ഥാനപാതവരെ വാഹനങ്ങളുടെ നിര നീളാനിടയാക്കിയിരുന്നു. ഓണക്കാലം എത്തുന്നതോടെ തിരക്ക് കൂടിവരുമെന്നതിനാലാണ് നിയന്ത്രിക്കാൻ കോണുകൾ സ്ഥാപിച്ചത്. എം.എൽ.എ.പടിയിലെ കുഴികൾ താത്കാലികമായി അടച്ചിരുന്നു. എന്നാൽ കനത്തമഴയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടുതുടങ്ങിയതും ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ ഇടയാകും.
വൺവേ റോഡിൽ ബൈപ്പാസുകൾക്കിടയിൽ അങ്ങാടി പേട്ട-ചെട്ടിമുക്ക് റോഡിൽ ഉൾപ്പെടുന്ന 200 മീറ്ററോളം ദൂരം ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. വീതികുറഞ്ഞ റോഡാണിത്. മാമുക്ക് ഭാഗത്തുനിന്ന് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ എത്തുന്ന മുഴുവൻ വാഹനങ്ങളും ഇതുവഴിയാണുപോകുന്നത്. വൺവേ റോഡെന്ന ധാരണയിലാണ് ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ ഇതുവഴി എത്തുന്നത്. എം.എൽ.എ.പടിയിൽനിന്ന് വീണ്ടും ബൈപ്പാസിലേക്ക് തിരിഞ്ഞാണ് വൺവേ. എം.എൽ.എ.പടിയിലെത്തുമ്പോൾ ചെട്ടിമുക്ക് ഭാഗത്തുനിന്ന് പേട്ടയിലേക്ക് പോകേണ്ട വാഹനങ്ങൾ എതിർദിശയിലെത്തുന്നതോടെയാണ് കുരുക്ക് ഉണ്ടാവുന്നത്. ഇത് പരിഹരിക്കാനുള്ള പരീക്ഷണാടിസ്ഥാനത്തിലാണ് എം.എൽ.എ.പടിയിൽ ഇരുവശത്തേക്കും വാഹനങ്ങൾ പോകത്തക്കവിധം കോണുകൾ വെച്ചത്. റാന്നി ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്.