പുല്ലാട് : മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം ടൗണിൽ പരിശോധന നടത്തി. എംവിഐ എം.ഷമീർ, എഎംവിഐമാരായ കെ.സി. മനീഷ്, കെ.പി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം, തിരുവല്ല, മല്ലപ്പള്ളി ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മുൻപിൽ പാർക്കുചെയ്തിട്ടുള്ള വാഹനങ്ങൾക്ക് താക്കീതുനൽകി.
ടൗണിലെ പരിശോധനകൾക്കുശേഷം എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
ടൗണിൽ രാവിലെയും വൈകിട്ടും ഹോംഗാർഡിന്റെ സേവനം ഉണ്ടെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൂടി വരുംദിവസങ്ങളിൽ ഡ്യൂട്ടിക്കിടും. പ്രധാനമായും ബസുകൾക്ക് സ്റ്റോപ്പുകളെപ്പറ്റി നിർദേശം നൽകാനായിട്ടാണ്. ഓട്ടോ സ്റ്റാൻഡിൽ അല്ലാതെ ഓട്ടോറിക്ഷകൾ ടൗണിൽ പലയിടത്തായി പാർക്കുചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കും. രണ്ടുവർഷമായി കോയിപ്രം പഞ്ചായത്തിൽ ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗംചേരുന്നില്ല. യോഗം ചേരാൻ സെക്രട്ടറിക്ക് കത്തുനൽകും. ടൗണിൽ തിരക്കുള്ള ഭാഗങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ പഞ്ചായത്ത് അധികൃതർ സ്ഥാപിക്കേണ്ടതാണെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.