തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റേഷനിൽ യാർഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ ഇനി ഒരു അറിയിപ്പുണ്ടാക്കുന്നത് വരെ നെടുമങ്ങാട് ബസ്സ് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല. സ്റ്റാന്‍റിൽ നിന്നും പുറപ്പെടുന്ന സർവിസുകൾ സമീപത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുന്നത് പ്രകാരം പുന:ക്രമീകരിച്ചു. ഏതാണ്ട് 40 ദിവസത്തേക്കായിരിക്കും ക്രമീകരണമെന്നാണ് വിവരം. തിരുവനന്തപുരം, വട്ടപ്പാറ ഭാഗത്തേയ്ക്കുള്ള ബസ്സുകൾ നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ പുതിയതായി നിർമ്മിച്ച റവന്യൂ ടവർ ബിൽഡിംഗിന്‍റെ എതിർവശത്ത് നിന്നും സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും.
പഴകുറ്റി ഭാഗത്തേക്കുള്ള ദീർഘദൂര സർവീസുകളായ സുൽത്താൻ ബത്തേരി, മാനന്തവാടി, താമരശ്ശേരി, തെങ്കാശി, മധുര, പാലക്കാട്, തൃശ്ശൂർ, ഗുരുവായൂർ, അമൃത ആശുപത്രി, ചക്കുളത്തുകാവ്, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഈരാറ്റുപേട്ട തുടങ്ങിയ സർവീസുകൾ, വെമ്പായം വഴി മുരുക്കുംപുഴ, ആയൂർ,വിതുര, പാലോട്, പുത്തൻപാലം വഴി ആറ്റിങ്ങൽ ബസുകൾ നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ എച്ച്പി പമ്പിന് സമീപത്ത് നിന്നും ആരംഭിക്കും. കാട്ടാക്കട ഭാഗത്തേക്കുള്ള ആര്യനാട്, വെള്ളനാട് വഴിയുള്ള സർവീസുകൾ, കന്യാകുമാരി സർവീസ് എന്നിവ കുളവിക്കോണം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നും ആരംഭിക്കും. കരിപ്പൂര് ഭാഗത്തേക്കുള്ള സർവീസുകൾ നെടുമങ്ങാട്-സത്രംമുക്ക് റോഡിൽ ടൗൺ എൽപി സ്കൂളിന് മുൻവശത്ത് നിന്നും ആരംഭിക്കും. മഞ്ച-അരുവിക്കര ഭാഗത്തുള്ള ബസ്സുകൾ ചന്തമുക്കിൽ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.