കോന്നി : മൂന്ന് ദിവസത്തെ സ്വകാര്യ ബസ്സ് സമരത്തിനും രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിനും ശേഷം കോന്നിയിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. അഞ്ച് ദിവസത്തോളം ലഭിച്ച അവധിയെ തുടർന്ന് പുറത്ത് ഇറങ്ങാതെ ഇരുന്ന ജനങ്ങൾ ഒന്നിച്ച് പുറത്ത് ഇറങ്ങിയപ്പോൾ കോന്നി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി. കോന്നി ചൈനമുക്ക് മുതൽ റിപ്പബ്ലിക്കൻ സ്കൂളിന് സമീപം വരെ വാഹനങ്ങളുടെ നീണ്ട നീര അനുഭവപ്പെട്ടു.
മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് വളരെ വൈകിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പണി മുടക്കിൽ രണ്ട് ദിവസം സർക്കാർ ഓഫീസുകൾ അടക്കം അവധി ആയിരുന്നതിനാൽ ഇവിടേക്ക് എത്തിയവരായിരുന്നു അധികവും. കോന്നിയിലെ വ്യാപാര ധനകാര്യ സ്ഥാപനങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കൂടാതെ വിദ്യാർത്ഥികൾക്ക് പരീക്ഷ ദിവസം ആയിരുന്നതിനാൽ ഒട്ടേറെ വിദ്യാർഥികളും കോന്നി നഗരത്തിൽ എത്തിയിരുന്നു.
കോന്നി നഗരത്തിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെ സേവനവും കുറവായിരുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം നടക്കുന്നതിനാലും ഗതാഗത തടസം വർധിച്ചു. മരൂർ പാലം ഭാഗത്ത് പാലത്തിന്റെ വീതി കൂട്ടി നിർമ്മിക്കുന്നതിനാൽ എലിയറക്കൽ മുതൽ വാഹനങ്ങൾ ഗതാഗത കുരുക്കിൽ അമർന്നു. സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ച് വിട്ട് ഗതാഗതം പുന ക്രമീകരിക്കണം എന്ന് പല തവണ അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
സംസ്ഥാന പാത ഗതാഗത കുരുക്കിൽ അമർന്നപ്പോൾ താലൂക്ക് ആശുപത്രിയുടെ അടുത്ത് കൂടിയുള്ള പോക്കറ്റ് റോഡ് വഴി പൂങ്കാവ് റോഡിലേക്ക് വാഹനങ്ങൾ കയറി പോവുകയായിരുന്നു. ഇവിടെയും ഗതാഗതം നിയന്ത്രിക്കുവാൻ അധികൃതർ ഇല്ലായിരുന്നു. കോന്നി തലൂക്ക് ആശുപത്രിയിലേക്ക് എത്തിയ രോഗികളും നഗരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിൽ വലഞ്ഞു.