അടൂർ: ട്രാഫിക് നിയമം പാലിക്കുന്ന തലമുറയാണ് നാടിന് ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂര്‍ കെ.എസ്.ആര്‍.ടി.സി ജംങ്ഷനിലെ റോഡ് മുറിച്ചു കടക്കുന്നവർക്ക് സഹായമായി സ്ഥാപിച്ച ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ട്രാഫിക് സംവിധാനങ്ങളോട് പൊരുത്തപ്പെട്ടാൽ അപകടങ്ങൾ ഉണ്ടാകുന്നത് തടയാനാകും. കാൽനടയാത്രക്കാർ മുതൽ ചെറുതും വലുതുമായ വാഹനങ്ങൾക്ക് വരെ ട്രാഫിക്നിയമം ബാധകമാണെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. ശബ്ദ സംവിധാനത്തോട് കൂടിയുളള പ്രത്യേക ഉപകരണമാണിത്. രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെയാണ് ഇതിൻ്റെ പ്രവർത്തനം. പെഡസ്ട്രിയൻ സിഗ്നൽ ചുവപ്പ് തെളിയുമ്പോൾ ഉപകരണത്തിൽ നിന്നും ബീപ് ശബ്ദം പുറത്തുവരുന്നതിനൊപ്പം ഉപകരണത്തിന് മുൻ വശത്തുള്ള നോ ക്രോസിങ് സിഗ്നൽ ഇടവിട്ട് പ്രകാശിക്കും.
പെഡസ്ട്രിയൻ സിഗ്നലിൽ പച്ച തെളിയുമ്പോൾ ഉപകരണത്തിൽ നിന്നും ഉയർന്ന ശബ്ദത്തിൽ അലാറം മുഴങ്ങും. കൂടാതെ മുൻവശത്തുള്ള റോഡ് മുറിച്ച് കടക്കുവാനുള്ള സിഗ്നൽ തുടർച്ചയായി പ്രകാശി ക്കുന്നതിനൊപ്പം ഉപകരണത്തിന് മുകൾവശത്തും ഡോം വൈബ്രേറ്റ് ചെയ്തും തുടങ്ങും. കാഴ്ച പരിമിതർക്ക് ബീപ് ശബ്ദത്തിലൂടെ ഉപകരണത്തിന് അടുത്തെത്തുവാനും തുടർന്ന് ഉയർന്ന ശബ്ദത്തിലുള്ള അലാറം കേൾക്കുമ്പോൾ റോഡ് മുറിച്ച് കടക്കുവാനും സാധിക്കും. കേൾവി പരിമിതർക്ക് ഉപകരണത്തിന് മുകളിലുള്ള ഡോമിൽ സ്പർശിച്ച് നിൽക്കുകയാണെങ്കിൽ വൈബ്രേഷൻ സ്പർശനത്തിലൂടെ മനസിലാക്കി റോഡ് മുറിച്ചുകടക്കുവാൻ സാധിക്കും. കൂടാതെ പ്രായമായവർക്കും കുട്ടികൾക്കും റോഡ് മുറിച്ചുകടക്കാൻ സഹായകരമാണ് ഈ സംവിധാനം. അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, അടൂർ ഡിവൈ.എസ്.പി.സന്തോഷ്, ആർ.ടി.ഒ. എച്ച്.അൻസാരി, കൗൺസിലർമാരായ മഹേഷ്, റോണി പാണം തുണ്ടിൽ, ഡി. ശശികുമാർ, സിന്ധു തുളസീധരക്കുറുപ്പ്, അടൂർ ട്രാഫിക് യൂണിറ്റ് എസ്.ഐ ജി. സുരേഷ് കുമാർ, മോട്ടോർ വാഹന വകുപ്പ് എം.വി.ഐ കെ.അരുൺകുമാർ, തോമസ് ജോൺ മോളേത്ത്, സജു മിഖായേൽ എന്നിവർ പ്രസംഗിച്ചു.