കോന്നി : തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വന ഭാഗത്തെ റോഡിൽ വന ഭാഗത്ത് വഴിവിളക്കുകൾ പ്രകാശിക്കാത്തത് രാത്രിയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഞള്ളൂർ മുതൽ എലിമുള്ളുംപ്ലാക്കൽ വരെയും എലിമുള്ളുംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുമുള്ള ഭാഗമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. തണ്ണിത്തോട് ഇലവുങ്കലിന് സമീപവും ഞള്ളൂരും കടുവയെ കണ്ടതായി അഭ്യൂഹം പരക്കുന്നതിന് ഇടയിൽ ആണ് റോഡിൽ വെളിച്ചം കൂടി ഇല്ലാതെയായത്. സന്ധ്യ കഴിഞ്ഞാൽ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, ഉള്ളൻപന്നി തുടങ്ങിയ വന്യ ജീവികൾ പ്രധാനമായും റോഡ് മുറിച്ചു കടക്കുന്നതാണ് ഈ വന ഭാഗങ്ങൾ. നിരവധി ഇരുചക്ര വാഹനം യാത്രക്കാർക്ക് മ്ലാവിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയും നിരവധി ആളുകൾ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും മുന്നിൽ നിന്ന് രക്ഷപെടുകയും ചെയ്തിട്ടുണ്ട്.
മഴക്കാലമായതോടെ പെരുമ്പാമ്പ് അടക്കമുള്ള ഇഴ ജന്തുക്കളും റോഡിൽ ധാരാളമുണ്ട്. പലയിടത്തും വഴിവിളക്കുകൾ ഉണ്ടെങ്കിലും പലതും പ്രകാശിക്കുന്നില്ല. ആനത്താരകളിൽ പോലും വെളിച്ചമില്ല. മുണ്ടോൻമൂഴി, പേരുവാലി, ഇലവുങ്കൽ, നെടുംതാര തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം കാട്ടാനകൾ റോഡ് മുറിച്ചു കടക്കുന്ന ഭാഗങ്ങളാണ്. ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് ഭൂഗർഭ കേബിളുകൾ വഴിയാണ് വൈദ്യുതി കടത്തി വിടുന്നത് എന്നതിനാൽ തന്നെ ഇവിടെയും വെളിച്ചമില്ല. കൂടുതലും വളവുള്ള റോഡുകൾ ആയതിനാൽ കാട്ടാന അടക്കമുള്ള ജീവികൾ വളവിൽ ഇറങ്ങി നിന്നാൽ വാഹന യാത്രക്കാർ അടുത്ത് എത്തിയ ശേഷം മാത്രമേ അറിയുകയുള്ളൂ. പത്തനംതിട്ട, കോന്നി ഭാഗത്ത് നിന്നും തണ്ണിത്തോട്, ചിറ്റാർ, തേക്കുതോട്, മണ്ണീറ ഭാഗങ്ങളിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നവർ അനവധിയാണ്. ഇവരിൽ പലരും ഇരുചക്ര വാഹനങ്ങളെ ആണ് കൂടുതലും ആശ്രയിക്കുന്നത്. അതിനാൽ തന്നെ ഭീതിയുടെ നിഴലിൽ ആണ് ആളുകൾ ഈ വഴി യാത്ര ചെയ്യുന്നതും. കടുവ ഇറങ്ങി എന്ന് അഭ്യൂഹം പരന്നതോടെ രാത്രിയിൽ ഈ വഴിയുള്ള യാത്ര ശ്രദ്ധയോടെ വേണം എന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.