ഏഴംകുളം : മൂന്നുവർഷങ്ങൾക്കുശേഷം തെളിഞ്ഞ ഏഴംകുളത്തെ ട്രാഫിക് ലൈറ്റുകൾ വീണ്ടും അണഞ്ഞു. ലൈറ്റുകൾ തെറ്റായി കത്തുന്നുവെന്ന് കഴിഞ്ഞദിവസം പരാതി ഉയർന്നിരുന്നു. വിവിധ വശങ്ങളിലേക്ക് പോകാനുള്ള ലൈറ്റുകൾ ഒരുമിച്ച് കത്തിയതായി നാട്ടുകാർ പറയുന്നു. മാത്രമല്ല ഇവ സ്ഥാപിച്ചിരിക്കുന്നതിലും ഏറെപ്രശ്നങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. അടൂർ, പത്തനാപുരം ഭാഗങ്ങളിലേക്കുള്ള സിഗ്നൽ ഇരുവശത്തും നിർത്തുന്നവർക്ക് കാണാൻ സാധിക്കും. എന്നാൽ ഏനാത്ത്, കൈപ്പട്ടൂർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് എതിർവശത്തെ പോസ്റ്റിൽ നിന്നും സിഗ്നൽ കാണാൻ സാധിക്കില്ല.
ഈ രണ്ടു വശങ്ങളിലും ട്രാഫിക് ലൈറ്റുകളും കുറച്ച് പുറകിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ സിഗ്നൽ കണ്ട് ജംഗ്ഷന് അടുത്തേക്ക് വാഹനം നിർത്തിയാൽ പോകാനുള്ള ലൈറ്റ് തെളിയുന്നത് കാണാൻ സാധിക്കില്ല. ലൈറ്റുകൾ സ്ഥാപിച്ചശേഷം കൃത്യമായ ഗതാഗത ക്രമീകരണം നടത്താത്തതാണ് പ്രശ്നമെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുദിവസമെങ്കിലും പോലീസ് നിരീക്ഷണം നടത്തിയാൽ മാത്രമേ ക്രമീകരണം കൃത്യമാവുകയുള്ളു. ഒപ്പം അനധികൃത പാർക്കിംഗും വലിയപ്രശ്നമാണ്. ഇവയെല്ലാം പരിഹരിക്കണമെങ്കിൽ ജംഗ്ഷനില്‍ കൃത്യമായ ഗതാഗത ക്രമീകരണം അത്യാവശ്യമാണ്.